വിധിഷ: വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ചയ്ക്ക് ശേഷം നവവധു ഒളിച്ചോടി. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിക്ക് ഒപ്പമാണ് യുവതി ഒളിച്ചോടിയത്. ഈ മാസം ആദ്യമാണ് യുവതി വിവാഹിതയായത്.

കഴിഞ്ഞയാഴ്ച യുവതിയെ കാണാതാവുകയായിരുന്നു. വിധിഷയിലെ തോരി ബാഗ്രോഡ് ഗ്രാമത്തില്‍ നിന്നുളള റീന ബായി എന്ന 21കാരിയാണ് ഭര്‍ത്താവിനെ വിട്ട് പൂജാരിക്കൊപ്പം പോയത്. വിവാഹത്തിന് ഇതേ പൂജാരി ആയിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മേയ് 7നായിരുന്നു വിവാഹം നടന്നത്. ഇതിനു ശേഷം റീന ഭര്‍ത്താവുമായി ജീവിച്ച് വരികയായിരുന്നു. എന്നാല്‍ മേയ് 23ന് റീനയെ കാണാതാവുകയായിരുന്നു. ഭര്‍ത്താവും കുടുംബവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. റീന പണവും സ്വര്‍ണാഭരണങ്ങളും കൂടെ കൊണ്ട് പോയതായി ബന്ധുക്കള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൂജാരിയായ വിനോദ് മഹാരാജിനേയും അന്നേ ദിവസം തന്നെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയതായി അറിഞ്ഞത്. പൂജാരിയുമായി റീനയ്ക്ക് വിവാഹത്തിന് മുമ്പ് പ്രണയ ബന്ധം ഉണ്ടായിരുന്നതായാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സംശയിക്കുന്നത്. എന്നാല്‍ റീനയുടെ ബന്ധുക്കള്‍ ഇക്കാര്യം അറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. റീനയേയും പൂജാരിയേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റീനയ്ക്കും കുടുംബത്തിനും എതിരെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook