ഹൈദരാബാദ് : വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് വധുവും കാമുകനും ചേർന്ന് വരന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയിൽ ജങ്കോൺ ജില്ലയിൽ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമമെങ്കിലും വരന്റെ മൊഴി ഇരുവരെയും കുടുക്കി.

ബി. യകയ്യ എന്ന 22കാരനാണ് ആക്രമണത്തിന് ഇരയായത്. അതീവ ഗുരുതരമായി പൊളളലേറ്റ യുവാവ് തെലങ്കാനയിൽ ചികിത്സയിൽ കഴിയുകയാണ്. ഫെബ്രുവരി 19ന് വൈകിട്ടാണ് സംഭവം നടന്നത്. ഇയാളുടെ വധു അരോജി അരുണയും കാമുകനും അകന്ന ബന്ധുവുമായ അരോജി ബാലസ്വാമിയും ഇപ്പോൾ റിമാന്റിൽ കഴിയുകയാണ്.

സംഭവത്തെ കുറിച്ച് രഘുനാഥപളളി പൊലീസ് പറഞ്ഞത് ഇങ്ങിനെ. “ഫെബ്രുവരി 21 നാണ് അരുണയും യകൈയയും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഇരുവരുടെയും കുടുംബങ്ങൾ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. അരുണയ്ക്ക് അകന്ന ബന്ധുവായ ബാലസ്വാമിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് വേഗത്തിൽ വിവാഹം നടത്താൻ മാതാപിതാക്കൾ ശ്രമം നടത്തിയത്.”

“മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അരുണ വിവാഹത്തിന് സമ്മതിച്ചു. എന്നാൽ പ്രണയബന്ധം ഒഴിയാൻ അരുണ തയ്യാറായിരുന്നില്ല. പിന്നീട് ഒരു തരത്തിലും അരുണയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കില്ലെന്ന് വന്നതോടെ യകൈയയെ വധിച്ച് തങ്ങളുടെ ആഗ്രഹപ്രകാരം ജീവിക്കാൻ അരുണയും ബാലസ്വാമിയും തീരുമാനിക്കുകയായിരുന്നു.”

“ഫെബ്രുവരി 18ന് യകൈയ വിവാഹശേഷം താമസിക്കാനായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു. ഇതിൽ അരുണയും പങ്കെടുത്തു. തൊട്ടടുത്ത ദിവസം അരുണയുടെ വീടിന് സമീപത്തെത്താൻ യകൈയക്ക് അരുണ നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് മധറാം എന്ന സ്ഥലത്ത് അരുണയുടെ വീടിന് സമീപം യകൈയ എത്തിയത്.”

“ഇവിടെ വച്ച് അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യകൈയയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതിന് ശേഷം ഇരുവരും ഇവിടെ നിന്ന് മുങ്ങി. യകൈയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാൽ യകൈയയുടെ മൊഴി ഇരുവരെയും കുടുക്കി,” പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജങ്കോൺ – വാറങ്കൽ ദേശീയപാത ഉപരോധിച്ചു. അരുണയും ബാലസ്വാമിയും പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook