ലക്‌നൗ : സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയത്തെച്ചൊല്ലി യുവത്വം കലഹിക്കുന്നത് ഒരു പുതിയ കാഴ്ചയല്ല. രാഷ്ട്രീയത്തെ പുതിയ തലമുറ അത്ര ചെറുതായി കാണുന്നില്ലെന്നതിന്റെ തെളിവാണിത്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേള്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായത്തിന്റെ പേരില്‍ വധൂവരന്മാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറി.

വ്യാപാരിയായ വരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വധുവിനും നരേന്ദ്രമോദിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരുന്നു. രാജ്യത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണക്കാരന്‍ പ്രധാനമന്ത്രിയാണെന്ന പെണ്‍കുട്ടിയുടെ വാദം കടുത്ത മോദി അനുഭാവിയായ വരന് ഉള്‍ക്കൊള്ളാനായില്ല. തുടര്‍ന്ന് വലിയ തര്‍ക്കങ്ങളുണ്ടായെന്നും വിവാഹം വേണ്ടെന്നു വക്കുകയായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരുടെയും പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

നിരവധി ‘വിചിത്ര’ങ്ങളായ കാരണങ്ങളാല്‍ രാജ്യത്ത് വിവാഹങ്ങള്‍ മുടങ്ങിയ ചരിത്രമുണ്ട്. അതിലേക്കിതാ ഒരു പുതിയ കാരണം കൂടി. ശൗച്യാലയമില്ലെന്ന കാരണം മുതല്‍ വരന് കണക്കിലെ നിസാരമായ പ്രശ്‌നോത്തരികള്‍ പരിഹരിക്കാനാകില്ലെന്നതുവരെ, കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന പലകാര്യങ്ങളും ചെറുപ്പക്കാര്‍ക്കിടയില്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമാകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ