ലണ്ടൻ: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നൽകി. ഭേദഗതി വരുത്തി ബില്ലില്‍ മാറ്റം വരുത്തേണ്ടെന്ന് ഹൗസ് ഓഫ് കോമണ്‍സിന് പിന്നാലെ ഹൗസ് ഓഫ് ലോര്‍ഡ്‌സും തീരുമാനിച്ചതോടെയാണ് ബില്ലിന് പൂര്‍ണ അംഗീകാരം ലഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബിൽ എലിസബത്ത് രാജ്ഞി കൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറും.
ബ്രെക്‌സിറ്റ് നടപ്പാക്കാനായി പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മാര്‍ച്ച് 31ന് മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ വിടാനുളള നടപടി ക്രമങ്ങള്‍ തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യമുയർന്നു. ഇതേ തുടര്‍ന്നാണ് വിഷയം പാര്‍ലമെന്റിന്റെ പരിഗണനയിൽ വന്നത്.
ഹൗസ് ഓഫ് ലോര്‍ഡ്സിൽ 135ന് എതിരെ 275 വോട്ടിന് ബില്ലിൽ മാറ്റം വരുത്തേണ്ട എന്ന് വിധിയെഴുതിയപ്പോൾ ഹൗസ് ഓഫ് കോമണ്‍സില്‍ 335 പേരാണ് ബില്ലിൽ മാറ്റം വരുത്തേണ്ടന്ന് തീരുമാനിച്ചത്. 287 പേരാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ബില്ലിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത്.
പാർലമെന്റ് ഭേദഗതി വരുത്തേണ്ട എന്നു തീരുമാനിച്ചതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടനില്‍ നിയമത്തിന്റെ ഭാഗമായി. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമാകും ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ക്ക് തെരേസ മേ തുടക്കമിടുക.