ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുവച്ച ബ്രെക്സിറ്റ് കരാറിനെതിരെ ബ്രിട്ടീഷ് പാർലമെന്റ്. പൊതുസഭയിലെ വോട്ടെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് കരാർ പാർലമെന്റ് തള്ളിയത്. 432 എംപിമാർ കരാറിനെ എതിർത്ത് വോട്ടു ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്.
ഫലം തെരേസ മേക്കെതിരാകുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫലം എതിരാണെങ്കിൽ ഒരിക്കൽ കൂടി തെരേസ മേ അവിശ്വാസ പ്രമേയം നേരിടേണ്ടി വരും. സര്‍ക്കാരിന് തിരിച്ചടി നേരിട്ടാല്‍ പ്രധാനമന്ത്രിക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലേബർ പാർട്ടി നേതാവ് ജെറേമി കോർബിൻ വ്യക്തമാക്കിയതാണ്. എന്നാൽ അവിശ്വാസത്തെ അനുകൂലിക്കുമോ എന്ന കാര്യത്തിൽ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് ഉറപ്പ് നേടാൻ ലേബർ പാർട്ടിക്ക് സാധിച്ചട്ടില്ല.
മൂന്ന് സാധ്യതകളാണ് ഇനി തെരേസ മേയ്ക്ക് മുന്നിലുള്ളത്. പുതിയ കരാർ തയ്യാറാക്കുകയോ, കരാർ തന്നെ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യാം. അല്ലെങ്കിൽ പുതിയ ഹിത പരിശോധന നടത്തുക എന്ന സാധ്യതയും ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്. എന്നാൽ നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി.
അതേസമയം, പരിഷ്കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യൻ യൂണിയനുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
2016 ജൂൺ 23നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടന്നത്. 51.9 ശതമാനം ആളുകൾ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, 48.1 ശതമാനം എതിർത്തും വോട്ടു ചെയ്തു. 2017 മാർച്ച് 21 ന് തെരേസ മേ സർക്കാർ ബ്രെക്‌സിറ്റ് കരാർ നടപടികൾ തുടങ്ങി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി 19 മാസം നീണ്ട ചർച്ചകൾക്കൊടുവിൽ നവംബറിലാണ് കരാർ രൂപപ്പെട്ടത്. പിന്നാലെ കരാർ വ്യവസ്ഥകളെ എതിർത്ത് ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് രാജിവച്ചതും വലിയ ചർച്ചയായിരുന്നു.