ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജയിലുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ക്രിമിനലുകളുടെ ശൃംഖല തകർക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇവിടങ്ങളില്‍ കഴിയുന്ന ഗുണ്ടകളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കുന്നു.
ഈ മാസം ആദ്യം മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഏജൻസി ഈ അഭ്യർത്ഥന നടത്തിയതെന്നും ചർച്ചകൾക്ക് ശേഷം ജയില്‍ മാറ്റത്തിനായി കുറഞ്ഞത് 25 ഗുണ്ടകളുടെ പേരുകൾ ശുപാർശ ചെയ്തതായും അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ ലോറൻസ് ബിഷ്ണോയിയെപ്പോലുള്ള മുൻനിര പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗുണ്ടകള്‍ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എൻഐഎയുടെ നീക്കം. ‘ ജനങ്ങളുടെ മനസിൽ ഭീകരത അടിച്ചേൽപ്പിക്കുക’ എന്ന ഉദ്ദേശത്തോടെ, ഭീകരാക്രമണങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നതിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള ഒരു ക്രിമിനൽ സിൻഡിക്കേറ്റ് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ.
എന്നാല്‍ ജയിലില്‍ കിടന്നാണ് ഗുണ്ടാസംഘങ്ങളിലെ അംഗങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തി.
“അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷം, ക്രിമിനൽ സിൻഡിക്കേറ്റിനെ തകർക്കാൻ ഒരു പരിഹാരം കണ്ടെത്താൻ എൻഐഎ തീരുമാനിച്ചു. എന്‍ഐഎയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, അത്തരം ഗുണ്ടാസംഘങ്ങളെ കണ്ടെത്തി ഇന്ത്യയുടെ തെക്കൻ ഭാഗത്തുള്ള ജയിലുകളിലേക്ക് മാറ്റാൻ നിർദേശം നൽകണമെന്ന് തീരുമാനിച്ചു. അപ്പോള്‍ അവർക്ക് ഭാഷാ തടസമെങ്കിലും നേരിടേണ്ടിവരും, ” വൃത്തങ്ങൾ പറഞ്ഞു.
“മന്ത്രാലയം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുകയും ശേഷം അവരെ ജയിലുകളിലേക്ക് മാറ്റുകയും ചെയ്യും. ഏജൻസിയുടെ നിയമോപദേശം എടുത്തിട്ടുണ്ട്, കൂടാതെ ദേശീയ സുരക്ഷാ നിയമം അവർക്കെതിരെ ഉപയോഗിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലുടനീളമുള്ള ഏത് ജയിലിലേക്കും അവർക്ക് ഏത് കുറ്റവാളിയെയും എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്ന് എൻഎസ്എയിൽ വ്യവസ്ഥയുണ്ട്, ” ഉദ്യോഗസ്ഥർ വ്യക്തമാക്കി.