ഗോരഖ്പുർ: എഴുപതിലധികം കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചിട്ടും ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ അധികൃതരുടെ കെടുകാര്യസ്ഥത അവസാനിക്കുന്നില്ല. നായ്ക്കളും പശുക്കളും വിഹരിക്കുന്ന വൃത്തിഹീനമായ വാർഡുകളിലാണ് മസ്തിഷ്കത്തിലെ അണുബാധയ്ക്കു ചികിൽസ തേടിയെത്തുന്ന കുഞ്ഞുങ്ങളെ പാർപ്പിക്കുന്നത്. കൂടാതെ ആവശ്യത്തിനു മരുന്നു കരുതിവയ്ക്കാതെ രോഗികളെ മരുന്നു കടകളിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. മനോരമാ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മാറാല പിടിച്ച പ്ലാസ്റ്റർ മുറിയും എക്സറേ യൂണിറ്റുമാണ് ബിആർഡി ആശുപത്രിയിലേത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃക ആശുപത്രിയിലാണ് ഇത്തരത്തിലൊരു അവസ്ഥ. മസ്തിഷ്ക ജ്വരം ബാധിച്ച ഒട്ടേറെ കുഞ്ഞുങ്ങളാണ് ഓരോ ദിവസവും ഇവിടെ ചികിൽസ തേടിയെത്തുന്നത്.
കടപ്പാട്:മനോരമാ ന്യൂസ്
ഓക്സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് പണം കൊടുക്കാതെ വന്നതോടെ അവർ ഓക്സിജൻ വിതരണം നിർത്തിവച്ചതാണ് എഴുപതോളം കുഞ്ഞുങ്ങൾ മരിക്കാൻ കാരണമായത്. 63 ലക്ഷം രൂപയുടെ കുടിശികയാണ് ആശുപത്രി അധികൃതർ വരുത്തിയിരുന്നത്.