ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ്-19 രോഗികളുടെ എണ്ണം 60 ലക്ഷം കടക്കുമ്പോൾ, പ്രതിരോധ വാക്സിൻ കണ്ടെത്താനുളള ശ്രമത്തിലാണ് ഗവേഷകർ. പ്രതിരോധ വാക്സിൻ കണ്ടുപിടിക്കുന്നതിലൂടെ കോവിഡ്-19 നെ നേരിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. യുഎസ്, ചൈന, ജർമ്മനി, ഇന്ത്യ അടക്കം ലോകമാകെ 120 വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ പ്രക്രിയ നടക്കുകയാണ്. ഇതിൽ 10 എണ്ണമെങ്കിലും അധികം വൈകാതെ മനുഷ്യരിൽ പരീക്ഷിച്ചേക്കും. ഇന്ത്യയിൽ 14 വാക്സിനുകളിൽ നാലെണ്ണം അടുത്ത മൂന്നോ അഞ്ചോ മാസത്തിനുളളിൽ ക്ലിനിക്കൽ ട്രയലിന് സജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാക്സിൻ വികസിപ്പിക്കുന്നതിനായി 5 കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ കമ്പനികൾക്ക് വേണ്ട സാമ്പത്തിക സഹായവും ക്ലിനിക്കൽ ട്രയലിനുവേണ്ട സഹായവും യുഎസ് ഭരണകൂടം ചെയ്യും. ഒന്നോ ഒന്നര ലക്ഷമോ വരുന്ന വോളന്റിയർമാരിൽ ക്ലിനിക്കൽ ട്രയൽ നടത്താണ് യുസ് ഭരണകൂടം പദ്ധതിയിടുന്നത്. രണ്ടു കമ്പനികൾ വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ ട്രയൽ ജൂലൈ പകുതിയോടെ നടത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനീക്ക പിഎൽസിയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുളള അനുമതി ബ്രസീൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.

Read Also: കോവിഡ്-19 വാക്‌സിന്‍: അന്വേഷണവഴിയില്‍ ഇന്ത്യയും

ഓരോ വാക്‌സിന്റെയും സുരക്ഷയും ഫലപ്രാപ്തിയും മൂന്ന് ഘട്ടങ്ങളായി പരിശോധിക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തില്‍, ചെറിയൊരു വിഭാഗം ആളുകള്‍ക്കു പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കുന്നു. രണ്ടാം ഘട്ടത്തില്‍, പുതിയ വാക്‌സിന്‍ ഉദ്ദേശിച്ചതിനു സമാനമായ സ്വഭാവസവിശേഷതകള്‍ ഉള്ളവര്‍ക്കാണു നല്‍കുന്നത്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ആദ്യ കോവിഡ്-19 വാക്സിനാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേത്. യുഎസ് ആസ്ഥാനമായുളള ബയോടെക് കമ്പനി മൊഡേണ ഇൻകും രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനുളള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. മൂന്നാം ഘട്ട പരിശോധന ജൂലൈയിൽ തുടങ്ങാനാണ് ആലോചിക്കുന്നത്.

അതേസമയം, വാക്സിൻ വിജയകരമാണോയെന്ന് പരിശോധിക്കുന്നത് വേഗത്തിലാക്കാൻ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഒരുമിച്ച് നടത്താൻ ഗവേഷകർ ആലോചിക്കുന്നുണ്ട്. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ആയിരക്കണക്കിന് ആളുകളില്‍ കുത്തിവയ്ക്കുകയാണ് ചെയ്യുക.

എന്താണ് വാക്‌സിന്‍?

രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്‌സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള തിരിച്ചടി (പ്രതിരോധം)യാണു ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. ചില വാക്‌സിനുകള്‍ ജീവനുള്ള രോഗാണുക്കളാണ്, അവ ഒരു ദോഷവും വരുത്തുന്നില്ല. പക്ഷേ ശരീരത്തിന് അതിനെ തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും കഴിയും.

ഉദാഹരണത്തിന്, മഞ്ഞപ്പനി വാക്‌സിന്‍ ജീവനുള്ള ദുര്‍ബലമായ മഞ്ഞപ്പനി വൈറസാണ്. ക്ഷയരോഗത്തിനെതിരെ വ്യാപകമായി ഉപയോഗിക്കുന്ന ബിസിജി വാക്സിനും വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകളുടെ കൂട്ടമാണ്. മൈകോബാക്ടീരിയം ബോവിസില്‍നിന്നു വേര്‍പെടുത്തിയാണ് ഇവയെ സൃഷ്ടിച്ചത്. പോളിയോ വാക്സിനില്‍ കൊല്ലപ്പെട്ട വൈറസുകളുണ്ട്.

Read in English: Brazil approves Oxford corona vaccine trials; Moderna to start final phase in July

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook