ന്യൂഡല്‍ഹി: കൂടുതല്‍ തദ്ദേശീയമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതും മെച്ചപ്പെട്ട പ്രകടനശേഷിയുമുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്ന് ഇന്നു രാവിലെ 10.30നായിരുന്നു വിക്ഷേപണം.
ബ്രഹ്‌മോസ് എയ്‌റോസ്‌പേസും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യും ചേര്‍ന്നു നടത്തിയ വിക്ഷേപണത്തില്‍, മിസൈല്‍ മുന്‍ നിശ്ചയപ്രകാരമുള്ള പാത പിന്തുടരുകയും എല്ലാ ദൗത്യലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു.
ബ്രഹ്‌മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണമെന്നു ഡിആര്‍ഡിഒ അറിയിച്ചു. അത്യധികം നിയന്ത്രിതമായി കൈകാര്യം ചെയ്യാവുന്ന മിസൈല്‍ അതിന്റെ പരമാവധി ശേഷി കൈവരിക്കുകയും ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുകയും ചെയ്തു. റഷ്യയിലെ എന്‍പിഒഎമ്മിലെയും ഡിആര്‍ഡിഒയിലെ സംഘങ്ങള്‍ പരീക്ഷണത്തിന്റെ ഭാഗമായി.
മിസൈലിന്റെ കടലില്‍നിന്ന് കടലിലേക്കു വിക്ഷേപിക്കാവുന്ന പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം ജനുവരി 11 ന് പടിഞ്ഞാറന്‍ തീരത്ത് വിജയകരമായി നടത്തിയിരുന്നു. നാവികസേനയില്‍ പുതുതായി കമ്മിഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍നിന്നായിരുന്നു വിക്ഷേപണം.
Also Read: WhatsApp: വാട്സ്ആപ്പിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യൽ ഇനി എളുപ്പമാകും; പുതിയ ഫീച്ചർ വരുന്നു
ഡിആര്‍ഡിഒ-റഷ്യയിലെ മഷിനോസ്‌ട്രോയേനിയ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസാണ് മിസൈലിന്റെ നിര്‍മാതാക്കള്‍. ബ്രഹ്‌മപുത്ര, മോസ്‌ക്വ നദികളില്‍നിന്ന്് കടംകൊണ്ടതാണ് ബ്രഹ്‌മോസ് എന്ന പേര്.
ഇതിനകം സായുധ സേനയില്‍ ഉള്‍പ്പെടുത്തിയ ബ്രഹ്‌മോസിന്റെ പ്രാരംഭ പതിപ്പിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2001-ലാണു നടന്നത്. കരയില്‍നിന്ന് വിക്ഷേപിക്കാവുന്നവ, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ എന്നിവകളില്‍നിന്ന് വിക്ഷേപിക്കാവുന്നവ ഉള്‍പ്പെടെയുള്ള ബ്രഹ്‌മോസിന്റെ വകഭേദങ്ങള്‍ ഇതിനകം വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രഹ്‌മോസിന്റെ വ്യോമപതിപ്പ് വ്യോമസേനയുടെ മുന്‍നിര യുദ്ധവിമാനമായ സുഖോയ്-30 എംകെഐയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനു വിജയകരമായി പരീക്ഷിച്ചിരുന്നു. നാവികസേനയുടെ തദ്ദേശീയ നിര്‍മിത സ്റ്റെല്‍ത്ത് ഡിസ്ട്രോയര്‍ ഐഎന്‍എസ് ചെന്നൈയില്‍നിന്നും രജ്പുത് ക്ലാസ് ഡിസ്ട്രോയറായ ഐഎന്‍എസ് രണ്‍വിജയില്‍നിന്നും 2020 ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കടല്‍പ്പതിപ്പും പരീക്ഷിച്ചു.