ന്യൂഡൽഹി: ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐ‌എൻ‌എസ് ചെന്നൈയിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ വിക്ഷേപണത്തിൽ മിസൈൽ അറബിക്കടലിലെ ഒരു ലക്ഷ്യത്തിലെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മിസൈൽ ഇന്ത്യയുടെ ആയുധശേഷിയുടെ ഭാഗമായി വളരെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത് തുടർച്ചയായി നവീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനാലാണ് മിസൈലിന്റെ ആനുകാലിക പരിശോധന ആവശ്യമായി വരുന്നത്. ബ്രഹ്മോസിന്റെ ഒരു പ്രത്യേക വകഭേദത്തിന്റെ അത്തരം ഓരോ പരിശോധനയിലും വ്യത്യസ്ത കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ഡിആർഡിഒ ശാസ്ത്രജ്ഞർ പറഞ്ഞു.

ബ്രഹ്മപുത്ര, മോസ്കോ നദികളുടെ പേരുകളുടെ സംയോജനമാണ് ബ്രഹ്മോസ് എന്ന പേര്. ഡിആർഡിഒയും റഷ്യയിലെ മഷിനോസ്ട്രോയീനിയയും ചേർന്നുള്ള സംയുക്ത സംരംഭ കമ്പനിയായ ബ്രഹ്മോസ് എയ്‌റോസ്‌പേസാണ് ഇത് നിർമ്മിക്കുന്നത്.

മിസൈൽൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു. വിജയകരമായ നേട്ടത്തിന് ഡിആർഡിഒ ചെയർമാൻ ഡോ ജി സതീഷ് റെഡ്ഡി ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, എന്നിവരെയും അഭിനന്ദിച്ചു. ഇന്ത്യൻ സായുധ സേനയുടെ കഴിവുകൾ ബ്രഹ്മോസ് മിസൈലുകൾ പല തരത്തിൽ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് പ്രയോഗിക്കാൻ കഴിയുന്ന ബ്രാഹ്മോസിന്റെ വിവിധ പതിപ്പുകൾ ഇതിനകം തന്നെ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

Read More: BrahMos supersonic cruise missile test fired from Navy’s stealth destroyer

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook