ന്യൂഡൽഹി: ശബ്ദാതിവേഗമുള്ള മിസൈലായ ബ്രഹ്മോസിനെ സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. പാകിസ്ഥാനും ചൈനയ്ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ് ഇന്ത്യയുടെ പരീക്ഷണ വിജയം. മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു ബ്രഹ്മോസ് – സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും സംയോജനത്തിൽ പങ്കാളികളായി.

ശത്രുപാളയത്തിലെ വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് സുഖോയ് 30 – ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം. ഇതുവരെയും എവിടെ നിന്നാണ് പരീക്ഷണം നടത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ‘ഭീകരൻ’ എന്ന് വിളിപ്പേരുള്ള സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്റർ വേഗമാണുള്ളത്. കരയിൽ നിന്നും കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങൾ സേനയ്ക്ക് ഇപ്പോൾ തന്നെയുണ്ട്.

പാകിസ്ഥാനേയും ചൈനയേയും മുന്നിൽ കണ്ട് ദ്രുതഗതിയിൽ സൈന്യത്തിന്റെ ആധുനികവത്കരണം നടത്തുന്ന ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ് ഈ നേട്ടം. അതിർത്തിയിലെ ഭീഷണി ചെറുക്കാനും മാവോയിസ്റ്റ് സ്വാധീന മേഖലകളേയും ലക്ഷ്യമിട്ടായിരിക്കും ഇവ പ്രവർത്തിക്കുക.

മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ലോകത്ത് തന്നെ ഇതാദ്യമാണ്. സുഖോയും ബ്രഹ്മോസും തമ്മിൽ സംയോജിപ്പിക്കുന്ന ദൗത്യം നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇനി പോർ വിമാനമായ സുഖോയിൽ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെ ഇന്ത്യൻ സേന വലിയൊരു ശക്തിയാണ് നേടിയിരിക്കുന്നത്. അമേരിക്കയുടെ എ16 പോർവിമാനത്തേക്കാൾ എത്രയോ മികച്ചതുമാണ് ഇന്ത്യയുടെ സുഖോയ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ