/indian-express-malayalam/media/media_files/uploads/2018/04/guj.jpg)
ഗാന്ധിനഗർ (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്‍പ്പി ബി.ആര്‍.അംബേദ്കറും ബ്രഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്‌പീക്കര്‍. കൃഷ്ണന്‍ ഒബിസിയാണെന്നും അദ്ദേഹത്തെ ദൈവമാക്കിയത് സന്ദീപനി മഹര്‍ഷിയാണെന്നും സ്‌പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണര്‍ ഒരിക്കലും അധികാര മോഹികളായിരുന്നില്ലെന്നും ചന്ദ്രഗുപ്ത മൗര്യന്റേയും രാമന്റേയും കൃഷ്ണന്റേയുമെല്ലാം രാജഭരണത്തില്‍ നിർണായക പങ്ക് വഹിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ''ഗോകുലത്തിലെ ഗോപാലകനായ, ഇന്നാണെങ്കില്‍ നമ്മള്‍ ഒബിസി എന്ന് വിളിക്കുമായിരുന്ന, യുവാവിനെ ആരാണ് ദൈവമാക്കിയത്? സന്ദീപനി മഹര്‍ഷിയെന്ന ബ്രാഹ്മണനായിരുന്നു,'' ത്രിവേദ് പറയുന്നു. വ്യാസനെ ഭഗവാനാക്കിയതും ബ്രാഹ്മണരാണെന്നും അദ്ദേഹം പറഞ്ഞു.
അറിവുള്ളവരെല്ലാം ബ്രാഹ്മണരാണെന്നും ബി.ആര്‍.അംബേദ്കര്‍ ബ്രാഹ്മണനാണെന്ന് പറയുന്നതില്‍ തനിക്കൊരു മടിയില്ലെന്നും ത്രിവേദി പറഞ്ഞു. അംബേദ്കര്‍ എന്ന സര്‍ നെയിം ബ്രാഹ്മണ നാമമാണെന്നും അദ്ദേഹത്തിന്റെ അധ്യാപകനാണ് ആ പേരു നല്‍കിയതെന്നും വിദ്യാഭ്യാസമുള്ള ഒരാളെ ബ്രാഹ്മണനെന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രാഹ്മണനാണെന്ന് താന്‍ അഭിമാനത്തോടെ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സാന്നിധ്യത്തിലായിരുന്നു സ്‌പീക്കറുടെ പ്രസ്താവന. ബിജെപി സീറ്റില്‍ വഡോദരയില്‍ നിന്നും ജയിച്ചാണ് സ്‌പീക്കര്‍ സഭയിലെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.