റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബ്രാഹ്മണ സമുദായംഗങ്ങൾ കങ്കണ റണാവത്ത് നായികയാവുന്ന മണികർണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തി. രാജസ്ഥാനിൽ തന്നെയാണ്  സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പദ്മാവതിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

“സിനിമയുടെ ചിത്രീകരണം കുറച്ചുദിവസമായി ഇവിടെ നടക്കുന്നുണ്ട്.  ഒരു ഇംഗ്ലീഷുകാരനുമായി റാണി ലക്ഷ്മിഭായിയുടെ പ്രണയരംഗങ്ങൾ ചിത്രത്തിലുളളതായി ഞങ്ങളറിഞ്ഞു. ഇവരുടെ പാട്ടുസീനും ചിത്രത്തിലുണ്ട്”, സർവ് ബ്രാഹ്മിൺ മഹാസഭയുടെ സ്ഥാപക അംഗം സുരേഷ് മിശ്ര പറഞ്ഞു.

“ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങൾ എടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ നിരോധിച്ച പുസ്തകമാണിത്. പിന്നെന്തിനാണ് സിനിമക്കാർ നിരോധിച്ച പുസ്തകത്തിലെ വിവരങ്ങൾ തന്നെ എടുക്കുന്നത്?”, സുരേഷ് മിശ്ര ചോദിച്ചു.

സംസ്ഥാന കോൺഗ്രസ് സെക്രട്ടറിയാണ് 46കാരനായ മിശ്ര. തങ്ങളുന്നയിച്ച പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ ബ്രാഹ്മിൺ മഹാസഭ ചിത്രീകരണം തടസപ്പെടുത്തുമെന്നും സുരേഷ് മിശ്ര ഭീഷണിപ്പെടുത്തി.

ബ്രിട്ടീഷ് ഓഫീസർ റോബർട്ട് എല്ലീസുമായി റാണി ലക്ഷ്മിഭായിക്ക് പ്രണയം ഉണ്ടായിരുന്നുവെന്ന് ജയശ്രീ മിശ്രയുടെ പുസ്തകം “റാണി”യിൽ പറയുന്നുണ്ട്. 2008 ൽ മായാവതി സർക്കാരാണ് ഉത്തർപ്രദേശിൽ പുസ്തകം നിരോധിച്ചത്.

“ജനുവരി 9 ന് തന്നെ സിനിമയുടെ നിർമ്മാതാക്കൾക്ക് കത്തയച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും അവർ ഒരു മറുപടിയും നൽകിയില്ല”, സുരേഷ് മിശ്ര പറഞ്ഞു.

“ഝാൻസിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണ്ട്”, സുരേഷ് മിശ്ര പറഞ്ഞു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പശ്ചാത്തലം സംബന്ധിച്ച് വിശദമായി വിവരങ്ങൾ ചോദിച്ചാണ് കത്തയച്ചത്. വിഷയം ദേശീയ ശ്രദ്ധയിലേക്ക് ഉയർത്താനുളള ശ്രമങ്ങൾ സമുദായം ആരംഭിച്ച് കഴിഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ത് കട്ടാറിയയെ സുരേഷ് മിശ്ര കാണും.

നവംബറിൽ പദ്മാവതിനെതിരെ പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ സർവ് ബ്രാഹ്മിണ മഹാസഭ രജപുത് സമുദായത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം സുരേഷ് മിശ്രയ്ക്ക് പിന്തുണയുമായി രജപുത് കർണി സേനയുടെ ദേശീയ പ്രസിഡന്റ് മഹിപാൽ മക്രാനയും രംഗത്തെത്തി. “അദ്ദേഹം ആ സിനിമയെ എതിർത്താൽ ഞങ്ങൾ ഒപ്പം നിൽക്കും. റാണി ലക്ഷ്മിഭായി അവരുടെ അഭിമാനമാണ്. ഞങ്ങൾക്കും അങ്ങിനെതന്നെയാണ്”, അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ