ചെന്നൈ: പെരിയാറിന്റെ പ്രതിമയെ ആക്രമിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ബിആര്‍ അംബേദ്കറുടെ പ്രതിമയും ആക്രമിക്കപ്പെട്ടു. ചൊവ്വാഴച്ചയായിരുന്നു തിരുപത്തൂരിലെ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. ഇതിന് പിന്നാലെയാണ് ചെന്നൈ, തിരുവട്ടിയൂരിലെ അംബേദ്കറുടെ പ്രതിമയും തകര്‍ത്തത്. പ്രതിമയുടെ മേല്‍ ചുവന്ന പെയിന്റ് ഒഴിച്ചാണ് വികൃതമാക്കിയത്.

രാവിലെ ഏഴ് മണിയോടെയാണ് തിരുവട്ടിയൂരിലെ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ഗ്രാമ തെരുവിലെ അംബേദ്കര്‍ പ്രതിമ പെയിന്റ് ഒഴിച്ച് വികൃതമാക്കിയതായി കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തും മുമ്പു തന്നെ ആക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിയാറിന്റെ പ്രതിമ തകര്‍ത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അംബേദ്കറുടെ പ്രതിമയ്‌ക്കെതിരേയും അതിക്രമം നടക്കുന്നത്. പെരിയാര്‍ പ്രതിമയുടെ മൂക്കം കണ്ണടയുമാണ് തകര്‍ത്തത്.

ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു ആക്രമണം. പിന്നീട് പോസ്റ്റ് പിന്‍വലിച്ച് രാജ ഖേദം രേഖപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. തമിഴ് നടന്‍ സത്യരാജും നടി ഖുശ്ബുവും എച്ച് രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

അതേസമയം, പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ കൊയമ്പത്തൂരിലെ ബിജെപിയുടെ പാര്‍ട്ടി ഓഫീസിനു നേരെ ബോംബേറുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ