ലക്‌നൗ: ഭരണഘടനാ ശില്‍പിയും ഇന്ത്യയുടെ പ്രഥമ നിയമകാര്യമന്ത്രിയുമായ ബാബാ സാഹേബ് അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. ഭീം റാവു അംബേദ്കറിന്റെ പേര് എല്ലാ ഔദ്യോഗിക എഴുത്ത് രേഖകളിലും ഭീം റാവു ‘രാംജി’ അംബേദ്കര്‍ എന്ന് രേഖപ്പെടുത്താനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിന്റെ നിര്‍ദേശപ്രകാരമാണ് അംബേദ്കറുടെ മധ്യ നാമമായി ‘രാംജി’ എന്ന് ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഉത്തര്‍പ്രദേശിലെ എല്ലാ ഔദ്യോഗിക രേഖകളിലും അംബേദ്കറുടെ പേരിനൊപ്പം രാംജിയും ചേര്‍ക്കപ്പെടും. അതേസമയം ദലിത് മുഖമായ അംബേദ്കറിന്റെ പേര് രാഷ്ട്രീയ ലാഭത്തിനായാണ് യുപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി.
അംബേദ്കറെയോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമോ ബഹുമാനിക്കാത്ത ബിജെപി ഒരു പ്രത്യേക വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം നടത്തുന്നതെന്ന് എസ്‌പി നേതാവ് ദീപക് മിശ്ര പറഞ്ഞു. അതേസമയം, ആര്‍എസ്എസ് ഈ ആരോപണം തളളിക്കളഞ്ഞു. യഥാര്‍ത്ഥ പേര് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ആര്‍എസ്എസ് ചിന്തകന്‍ രാകേശ് സിന്‍ഹ പറഞ്ഞു.
അതേസമയം, എല്ലാ വകുപ്പുകളിലേക്കും പേര് മാറ്റാനുളള ഉത്തരവ് ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയതായാണ് വിവരം. അലഹബാദ് കോടതിയോടും ലക്‌നൗ ബെഞ്ചിനോടും ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.