തായ്‌ലാന്‍ഡ്: ഗുഹയില്‍ നിന്നും പുറത്ത് കടന്നത് അത്ഭുതമാണെന്ന് കുട്ടികള്‍. തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമും കോച്ചും പുറത്തു വരുന്നത് ലോകം മുഴുവന്‍ കണ്ണ് ചിമ്മാതെയായിരുന്നു കാത്തിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം അവര്‍ പുറത്തെത്തിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ ഇന്ന് മാധ്യമങ്ങളെ കണ്ടു.
12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും പൊതുസമൂഹത്തിന് മുന്നില്‍ മനസ്സ് തുറന്നു.’ഇതൊരു അത്ഭുതമാണ്’ വൈല്‍ഡ് ബോര്‍സ് കളിക്കാരനായ 14കാരന്‍ അബ്ദുള്‍ സാം പ്രതികരിച്ചു. ‘ഞങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത് വരെ ഭക്ഷണം ഉണ്ടായിരുന്നില്ല. മഴ വെള്ളം കുടിച്ച് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്.’ അബ്ദുള്‍ സാം പറഞ്ഞു.
വൈല്‍ഡ് ബോര്‍സ് എന്ന ഫുട്ബോള്‍ ടീം അംഗങ്ങളായ കുട്ടികള്‍ വളരെ പ്രസന്നവദനരും ആരോഗ്യവാന്മാരുമായിട്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചത്. 13 പേരും നല്ല മാനസിക ശാരീരിക ആരോഗ്യ സ്ഥിതിയിലാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.
കുട്ടികളെ എല്ലാം ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. ഗുഹയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചിലര്‍ക്ക് ന്യൂമോണിയ പിടിപ്പെട്ടിരുന്നു, ഇത് ഭേദമായതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.