ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്രക്കായി യൂബറും ഓലയും തിരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയ. യുവാക്കളെ ബഹ്ഷ്കരിക്കൂ എന്ന് അർഥം വരുന്ന #BoycottMillenials എന്ന ഹാഷ്‌ടാഗാണ് സോഷ്യല്‍ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്. നിരവധി ട്രോളുകളും പോസ്റ്റുകളുമാണ് #BoycottMillenials എന്ന ഹാഷ്‌ടാഗിൽ ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

Also Read: കള്ളപ്പണക്കേസ്: ഡി.കെ.ശിവകുമാറിന്റെ മകളെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

മില്ലേനിയല്‍സ് എന്നാൽ 21-ാം നൂറ്റാണ്ടിലെ ആദ്യ പാദത്തില്‍ അതായത് 1981 നും 1996നും ഇടയില്‍ ജനിച്ചവരെയാണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസും നിർമല സീതാരാമനെതിരായ ട്രോളുകളുമായി മുന്നിൽ തന്നെയുണ്ട്. ‘പാർലെ ജിയുടെ വിൽപന കുറഞ്ഞു, കാരണം കുട്ടികൾ പബ്ജി കളിക്കുന്ന തിരക്കിലാണ്’, ‘കോള്‍ ഇന്ത്യയുടെ (coal india) ആയുസ് കുറവാണ്, കാരണം മില്ലേനിയലുകള്‍ ചാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നു.’, ‘ലൈവായി കാണാന്‍ സാധിക്കുന്നത് കൊണ്ട് വിവാഹ ദല്ലാളന്മാരുടെ പണി പോയി’ അങ്ങനെ നീളുന്നു ട്രോളുകൾ.

ഇരുചക്ര, കാര്‍ വിപണികളില്‍ രണ്ടക്ക സംഖ്യയിലേക്ക് വിൽപന ശതമാനം ഇടിയുകയും അശോക് ലെയ്‌ലാന്‍ഡിന്റെ ട്രക്ക് ഉല്‍പ്പാദകര്‍ക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനെക്കുറിച്ചായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന. വാഹനങ്ങളുടെ മാസതവണ അടയ്ക്കുന്നതിനേക്കാള്‍ ചെറുപ്പക്കാര്‍ക്ക് താല്‍പര്യം യൂബറോ ഒലയോ വിളിക്കുന്നതാണെന്നായിരുന്നു നിർമ്മല സീതാരാമൻ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook