ന്യൂഡല്‍ഹി: രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വാട്ട്സ്ആപ് വഴി വില്‍പനയ്ക്ക് വെച്ച മൂന്ന് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ 1.8 ലക്ഷം രൂപയ്ക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ചാണ് കുട്ടിയുടെ ചിത്രത്തിനൊപ്പം ഇവര്‍ വാട്ട്സ്ആപ് വഴി പരസ്യം പ്രചരിപ്പിച്ചത്.

ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ മൂന്ന് യുവതികളും കൂടി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോവുകയും വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഈ പരസ്യം കണ്ട ഒരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ സ്ത്രീകളിലൊരാള്‍ കുട്ടിയെ രഘുഭീര്‍ നഗറിലെ ഒരു ക്ഷേത്രത്തില്‍ കുട്ടിയെ ഉപേക്ഷിക്കുകയും പൊലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാധ (40), സോണിയ (24), സരോജ് (34), ജാൻ മുഹമ്മദ് (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ദത്തെടുക്കൽ, വാടക ഗർഭപാത്രം നൽകൽ റാക്കറ്റിന്റെ ഭാഗമാണ് ഈ സ്ത്രീകളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കൾ നമസ്കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ സമ്മതിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ