മുംബൈ: ഹോളി ആഘോഷശേഷം നിറങ്ങൾ കഴുകിക്കളയാൻ കടലിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായി. മഹാരാഷ്ട്ര നല്ലാസൊപാരയിലെ കലംഭ് ബീച്ചിലാണ് സംഭവം. 17കാരനായ പ്രശാന്ത് മൗര്യയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ ഇദ്ദേഹത്തോടൊപ്പം കാണാതായ വനിതകളെ കണ്ടെത്താനായില്ല. പ്രശാന്തിന്റെ അമ്മയും സഹോദരിമാരുമാണ് കടലില്‍ കാണാതായത്.
മാതാവ് നിഷ, സഹോദരിമാരായ പ്രിയ, കാഞ്ചന് ഗുപ്ത, ശീതള്‍ ഗുപ്ത എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച 2.30 ഓടെയാണ് നിറങ്ങൾ കഴുകിക്കളയാൻ എട്ടംഗ സംഘം ബീച്ചിലെത്തിയത്. സംഘാംഗങ്ങൾക്ക് ആർക്കും നീന്തലറിയില്ലായിരുന്നു.
സംഭവം നടന്നതിന്റെ രണ്ട് കിലോമീറ്റർ അകലെ നിന്ന് പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തി. ബീച്ചിലോ പരിസരത്തോ ജീവൻ രക്ഷാ ഗാർഡുകളോ അപകടമുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്.