പുണെ: ആധാര്‍ നമ്പര്‍ കൊണ്ടുവരാതിരുന്നതിന് പത്ത് വയസ്സുകാരനെ അധ്യാപിക തല്ലിച്ചതച്ചു. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയില്‍ സ്ഥിതി ചെയ്യുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവം നടക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക അതിക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തു. അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനാണ് ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ