ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ബോക്‌സര്‍ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയ്‌ക്കെതിരെ പോരാടാന്‍ ഇറങ്ങിയ മോദി സ്വന്തം കോച്ചായ അഡ്വാനിയെ തന്നെ ഇടിച്ചിട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
”തന്റെ 56 ഇഞ്ച് നെഞ്ചിന്റെ പേര് പറഞ്ഞ് വീമ്പ് കാണിച്ച ബോക്‌സറാണ് മോദി. തൊഴിലില്ലായ്മയേയും കര്‍ഷകരുടെ പ്രശ്‌നങ്ങളേയും അഴിമതിയേയുമെല്ലാം നേരിടാനായി ഇറങ്ങിയതായിരുന്നു” ഹരിയാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
അഡ്വാനിയെ ഇടിച്ചിട്ട ശേഷം മോദി നോട്ട് നിരോധനത്തിലൂടേയും ഗബ്ബര്‍ സിങ് ടാക്‌സിലൂടേയും ചെറുകിട കച്ചവടക്കാരേയും വ്യാപാരികളേയും ഇടിച്ചിട്ടുവെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ ബോക്‌സിങിന്റെ ഈറ്റില്ലമായി കരുതപ്പെടുന്ന സ്ഥലമാണ് ഹരിയാനയിലെ ഭിവ്‌നി. അവിടെയായിരുന്നു രാഹുലിന്റെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്. വിജേന്ദര്‍ സിങ്ങിനെ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഇവിടമാണ്.
നേരത്തേയും സമാനമായ രീതിയില്‍ മോദിയേയും അഡ്വാനിയേയും ബന്ധിപ്പിച്ച് രാഹുല്‍ പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ സംസാരിക്കുമ്പോള്‍ മോദി സ്വന്തം ഗുരുവായ അഡ്വാനിയെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞിരുന്നു.
”ആരാണ് മോദിയുടെ ഗുരു? അഡ്വാനി. എന്നാല്‍ ശിഷ്യന്‍ ഇന്ന് ഗുരുവിനെ കൈകൂപ്പി ആദരിക്കുക പോലും ചെയ്യില്ല. ഗുരുവിനെ ഷൂ കൊണ്ട് എറിയുകയും വേദിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്നു” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.