ചെന്നൈ: കൂവത്തൂരിലെ റിസോർട്ടിൽനിന്ന് നാൽപതിലേറെപ്പേരെ കസ്റ്റഡിയിലടുത്തു. അണ്ണാ ഡിംഎംകെ എംഎൽഎമാർക്ക് കാവൽ നിന്ന ഗുണ്ടകളെയാണ് അറസ്റ്റ് ചെയ്തത്. എംഎൽഎമാർ അധികം വൈകാതെ റിസോർട്ടിൽനിന്നും പുറത്തിറങ്ങും. ഇന്നലെ അഞ്ചു ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു എംഎൽഎയ്ക്ക് കാവലിനായി രണ്ടു ഗുണ്ടകളെയാണ് നിയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

തനിക്കൊപ്പമുള്ള എംഎൽഎമാരെ കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിലാണ് ശശികല താമസിപ്പിച്ചിട്ടുള്ളത്. ഇന്നലെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശശികല ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ എംഎൽഎമാരാട് റിസോർട്ട് ഒഴിയാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് അവർ തയാറായില്ല. ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചാൽ റിസോർട്ടിന് പുറത്ത് ധർണ നടത്തുമെന്നും എംഎൽഎമാർ ഭീഷണി മുഴക്കിയിട്ടുണ്ട്.

റിസോർട്ടിനു ചുറ്റും പൊലീസ് കനത്ത സുരക്ഷാ വലയം തീർത്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ടായിരത്തോളം പൊലീസുകാരെയും കമാൻഡോകളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ