ന്യൂഡൽഹി: താൻ കൂടി ഭാഗമായിരുന്ന മുൻ യുപിഎ സർക്കാരിനെയും, നിലവിലെ മോദി സർക്കാരിനെയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രണ്ട് സർക്കാരുകളും വിനോദസഞ്ചാര മേഖലയെ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.

“മുൻ യുപിഎ സർക്കാരും നിലവിലെ മോദി സർക്കാരും വിനോദസഞ്ചാര രംഗത്തെ എല്ലാ പ്രധാന മേഖലകളിലും നിക്ഷേപം നടത്താൻ മടി കാണിച്ചു”, തരൂർ പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം നിക്ഷേപിക്കാൻ മടി കാണിക്കുകയാണെന്നാണ് വിമർശനം.

ആയിരം ഡോളർ വിനോദസഞ്ചാര മേഖലയിൽ നിക്ഷേിപിച്ചാൽ മറ്റേത് മേഖലയിലും സൃഷ്ടിക്കാവുന്നതിനേക്കാൾ എട്ട് മടങ്ങ് അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസാധകരായ പെൻഗ്വിന്റെ സാഹിത്യോത്സം പെൻഗ്വിൻ ഫീവർ 2017 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായിലേക്കും സിങ്കപ്പൂരിലേക്കും ഇന്ത്യയിൽ വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ പോകുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. സ്വന്തം സാധ്യതകൾ വർഷങ്ങളായി ഇന്ത്യ വിസ്മരിച്ചത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വേൾഡ് ബാങ്കിന്റെ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതിൽ എന്താണ് ഇത്ര മാത്രം ആഘോഷിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. “190 രാജ്യങ്ങളുള്ള പട്ടികയിൽ 100ാം സ്ഥാനത്താണ് ഇന്ത്യ. 2014 ൽ അധികാരത്തിലേറുമ്പോൾ ഇന്ത്യ ആദ്യ 50 രാജ്യങ്ങളിൽ ഉണ്ടാകുമെന്നാണ് മോദി ഉറപ്പു നൽകിയത്. ഈ വാഗ്ദാനം പാലിക്കുന്നതിൽ മോദി പരാജയപ്പെട്ടു. സ്ഥാനങ്ങൾ മെച്ചപ്പെട്ടതിൽ സന്തോഷിക്കും മുൻപ് വാക്ക് പാലിക്കുന്നതിൽ പ്രധാനമന്ത്രി തോറ്റെന്ന കാര്യം തിരിച്ചറിയണം”, ശശി തരൂർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ