/indian-express-malayalam/media/media_files/uploads/2020/04/new-born-baby.jpg)
ജയ്‌പൂർ: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുമ്പോൾ നവജാത ശിശുക്കൾക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ടിരിക്കുകയാണ് ഛത്തീസ്ഗഡിലെ ദമ്പതികൾ. ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച ഇരട്ടക്കുട്ടികളായ ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് ഈ പേര് നൽകിയത്.
ലോക്ക്ഡൗണിനിടയിൽ അവർ തരണം ചെയ്ത എല്ലാ പ്രയാസങ്ങളെയും കുറിച്ച് ഈ പേരുകൾ അവരെ ഓർമ്മിപ്പിക്കുമെന്ന് ദമ്പതികൾ പറഞ്ഞു. പിന്നീട് തങ്ങളുടെ തീരുമാനം മാറ്റിയേക്കുമെന്നും കുഞ്ഞുങ്ങൾക്ക് പുതിയ പേരിടുമെന്നും ദമ്പതികൾ പറഞ്ഞു.
''മാർച്ച് 27 ന് പുലർച്ചെയാണ് ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. അവർക്ക് ഞങ്ങൾ കോവിഡ് (ആൺകുട്ടി), കൊറോണ (പെൺകുട്ടി) എന്നും പേരിട്ടു'' 27 കാരിയായ പ്രീതി വർമ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വളരെ ബുദ്ധിമുട്ടുകൾക്കുശേഷമാണ് പ്രസവം നടന്നത്. അതിനാൽ തന്നെ ഈ ദിവസം എന്നെന്നും ഓർത്തിരിക്കണമെന്ന് ഞാനും ഭർത്താവും തീരുമാനിച്ചു. അങ്ങനെയാണ് ഈ പേരിനെക്കുറിച്ച് ചിന്തിച്ചത്. ഹോസ്‌പിറ്റൽ ജീവനക്കാരും കൊറോണയെന്നും കോവിഡെന്നും കുഞ്ഞുങ്ങളെ വിളിക്കാൻ തുടങ്ങി. ഇതോടെ ഞങ്ങൾ ഈ പേര് തന്നെ ഇടാമെന്ന് തീരുമാനിച്ചതായി പ്രീതി പറഞ്ഞു.
Read Also: കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 336 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾ തലസ്ഥാന നഗരത്തിലെ പുരാനി ബസ്തി പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ''മാർച്ച് 26 ന് രാത്രിയാണ് കടുത്ത വേദന തുടങ്ങിയത്. ഉടൻ തന്നെ ഭർത്താവ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. ലോക്ക്ഡൗൺ ആയതിനാൽ മറ്റു വാഹനങ്ങളൊന്നും റോഡിൽ ഇല്ലായിരുന്നു. നിരവധി ഇടങ്ങളിൽ പൊലീസ് ഞങ്ങളെ തടഞ്ഞു, എന്നാൽ എന്റെ അവസ്ഥ മനസിലാക്കിയതും പോകാൻ അനുവദിച്ചു,'' പ്രീതി വ്യക്തമാക്കി.
അർധരാത്രിയായതിനാൽ ആശുപത്രിയിൽ എന്താണ് നടക്കുകയെന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഡോക്ടർമാരും ജീവനക്കാരും പൂർണ സഹകരണമാണ് നൽകിയത്. ലോക്ക്ഡൗണിൽ ബസ്, ട്രെയിൻ സർവീസുകൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ലെന്ന് പ്രീതി പറഞ്ഞു. ദമ്പതികൾക്ക് രണ്ടു വയസുളള ഒരു മകൾ കൂടിയുണ്ട്.
അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തതായും ഇരുവരും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായും ആശുപത്രി പിആർഒ സുബ്ര സിങ് പറഞ്ഞു. ഭർത്താവിനൊപ്പം പ്രീതി ആശുപത്രിയിലെത്തിയ ഉടൻ തന്നെ സങ്കീർണ്ണമായ ഒരു കേസായതിനാൽ സിസേറിയൻ നടത്താനുളള ക്രമീകരണങ്ങൾ ചെയ്തിരുന്നു. എന്നാൽ അവരെത്തി 45 മിനിറ്റുകൾക്കകം പ്രസവം നടന്നതായി സിങ് പറഞ്ഞു. കുട്ടികൾക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ടതോടെ ഇരുവരും ആശുപത്രിയിലെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read in English: Born during lockdown, Raipur twins named ‘Corona’ and ‘Covid’
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.