ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ലണ്ടന്‍ മുന്‍ മേയറുമായ ബോറിസ് ജോണ്സണ് ആണ് പുതിയ പ്രധാനമന്ത്രി. ബോറിസ് ജോണ്സണ് നാളെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും.
UK media: Boris Johnson elected the next UK Prime Minister (file pic) pic.twitter.com/6ly3zGW4dK
— ANI (@ANI) July 23, 2019
കണ്‍സര്‍വേറ്റീവ് നേതൃത്വമത്സരത്തില്‍ ജെറമി ഹണ്ടിനെയാണ് ജോണ്സണ് പരാജയപ്പെടുത്തിയത്. തെരേസാ മേയുടെ പിന്‍ഗാമിയാണ് ബോറിസ് ജോണ്സണ്. വോട്ടെടുപ്പില്‍ 1,60,000 കണ്‍സര്‍വേറ്റീവ് അംഗങ്ങളാണ് പങ്കെടുത്തത്. ബോറിസ് ജോണ്സണ് 92,153 വോട്ടുകള്‍ നേടിയപ്പോള്‍ ജെറമി ഹണ്ട് 46,656 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പിലെ വിജയിയായി ജോൺസണെ പ്രഖ്യാപിച്ചാൽ ഉടൻ തന്നെ തെരേസ മേ രാജ്ഞിയെ കണ്ട് രാജിക്കത്ത് നൽകുമെന്നാണ് സൂചന. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നേതാവാണ് ബോറിസ് ജോൺസൺ.
Read Also: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു
പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്സണ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോണ്സണ് പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്സണ് നേരത്തേ പറഞ്ഞിരുന്നു. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബോറിസ് ജോൺസനെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ എതിർപ്പുകളുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ജോണ്സന് പ്രഖ്യാപിച്ചിരുന്നു.
ബ്രെക്സിറ്റ് കരാര്‍ സമവായത്തിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരേസ മെ രാജി പ്രഖ്യാപിച്ചത്. ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,’ തെരേസ മെ രാജി പ്രഖ്യാപിച്ച വേളയിൽ പറഞ്ഞു. മേയ് 24 നാണ് മേ രാജിവച്ചത്.
യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഒപ്പുവെച്ച കരാര്‍ പാര്‍ലമെന്റില്‍ പലതവണ വോട്ടിനിട്ടെങ്കിലും പിന്തുണ നേടാനായിരുന്നില്ല. ഈ കരാറനുസരിച്ച് മേയ് 24-ഓടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടേണ്ടതായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെവന്നതോടെ ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടിനല്‍കിയിരുന്നു.
ഡേവിഡ് കാമറോണിനു ശേഷം പ്രധാനമന്ത്രി ആകാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് തെരേസ. സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിച്ച് പരിചയമുള്ള തെരേസ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. മാര്‍ഗരറ്റ് താച്ചര്‍ 1990 ല്‍ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മെയ്.