ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. കുട്ടി കിണറ്റില്‍ വീണ് 35 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.

ഇന്നലെ രാത്രി തന്നെ കുഴി നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മാത്രമാണ് നിര്‍മാണം ആരംഭിക്കാനായത്. നിര്‍മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികള്‍ എത്താന്‍ വൈകിയതോടെയാണ് വൈകിയത്. ഒഎന്‍ജിസി കുഴി നിര്‍മിക്കാനായി ഉപയോഗിക്കുന്ന യന്ത്രമാണ് കുഴിയെടുക്കാന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ പാകത്തിനുള്ളതാണ് കുഴി.

കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയിരുന്നു. നിലവില്‍ 100 അടിയോളം താഴ്ചയിലാണുള്ളത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ വീണത്. കുഴല്‍ക്കിണറിനായി എടുത്ത കുഴിയിലാണു വീണത്.

ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് 70 അടിയോളം താഴ്ചയിലേക്കു പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.

കുഴല്‍ക്കിണറിനു സമാന്തരമായ മറ്റൊരു കുഴിയെടുത്തു രക്ഷിക്കാനായിരുന്നു ആദ്യ നീക്കം. ഇതില്‍നിന്ന് സുജിത്ത് തങ്ങിനില്‍ക്കുന്നയിടത്തേക്കു തുരങ്കം നിര്‍മിക്കാനായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പാറ നിറഞ്ഞ പ്രദേശമായതിനാല്‍ 10 അടിയോളം കുഴിച്ചതിനു ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണു കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയത്.

രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍ നിന്നു കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. 60 അടിയോളം വരെ മൈക്രോ ക്യാമറ എത്തിക്കാനായിട്ടുണ്ട്. ഇതുവഴിയാണു കുട്ടിയെ നിരീക്ഷിക്കുന്നത്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയഭാസ്‌കറെ കൂടാതെ ടൂറിസം മന്ത്രി വി. നടരാജന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook