ചെന്നൈ: ദിവസങ്ങൾ​ നീണ്ടുനിന്ന പ്രാർത്ഥനകളും പരിശ്രമങ്ങളും വിഫലമാക്കി, തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണു മരിച്ച സുജിത് വിത്സൺ എന്ന രണ്ടര വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നു പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ പുറത്തെടുത്തതത്. മടക്കപ്പാറയിലെ ആശുപത്രിയിൽ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തിയതിനു ശേഷം വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.

കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. അഴുകിയനിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവരം. ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഞായറാഴ്ച രാത്രി പത്തരയോടെ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണെന്നും തമിഴ്‌നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ ജില്ലകളില്‍നിന്നു കൂടുതല്‍ വിദഗ്ധസംഘങ്ങള്‍ എത്തിയിരുന്നു. 60 അടിയോളം വരെ മൈക്രോ ക്യാമറ എത്തിച്ചിരുന്നു. ഇതുവഴിയായിരുന്നു കുട്ടിയെ നിരീക്ഷിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ സുജിത്തിന്റെ മൃതദേഹം പുറത്തെത്തിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ കുഴിയിൽ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് 70 അടിയോളം താഴ്ചയിലേക്കു പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. അവസാനം നൂറടിയോളം താഴ്ചയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook