ന്യൂഡൽഹി: എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഇനി മുതൽ പരീക്ഷയ്ക്ക് പുസ്തകം കൂടി കൊണ്ടുപോകാൻ എഐസിടിഇ അംഗീകാരം നൽകി. പരീക്ഷ ചട്ടങ്ങൾ പരിഷ്കരിച്ചുകൊണ്ടുളള ഏറ്റവും പുതിയ നടപടികളിലാണ് വിദ്യാർത്ഥികൾക്ക് ഈ അനുമതിയും ലഭ്യമായിരിക്കുന്നത്.

ഇന്ത്യയിൽ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ് ഇത്തരം നീക്കമെന്നാണ് വിശദീകരണം. “കുട്ടികളുടെ വിഷയത്തിലുളള അവബോധം വിലയിരുത്തുന്നതിന് ഈ മാറ്റം ഏറെ ഗുണം ചെയ്യും” എന്നാണ് എഐസിടിഇ കമ്മിറ്റി ചെയർപേഴ്‌സൺ അശോക് ഷെട്ടാർ പറഞ്ഞത്.

ഓപ്പൺ ബുക് പരീക്ഷക്ക് കുറവ് ചോദ്യങ്ങളോ അല്ലെങ്കിൽ കൂടുതൽ സമയം അനുവദിക്കുകയോ വേണമെന്നാണ് എഐസിടിഇ കോളേജുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ഓർമ്മശക്തിയിൽ നൽകുന്ന ഊന്നൽ കുറയ്ക്കുന്നതും അതേസമയം പഠിച്ച കാര്യങ്ങൾ എവിടെ ഉപയോഗിക്കണം എന്ന കാര്യത്തിൽ കൂടുതൽ മികവ് പുലർത്തുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് എഐസിടിഇ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ വിശദീകരണം.

പരമ്പരാഗത പരീക്ഷ രീതികൾ വിദ്യാർത്ഥികളുടെ ടീം വർക്, ആശയവിനിമയ മികവ് എന്നിവ അളക്കാൻ പര്യാപ്തമല്ല എന്നാണ് ഷെട്ടാർ പറഞ്ഞത്. തങ്ങൾക്ക് അറിയുന്ന കാര്യങ്ങളിൽ നിന്ന് ഉത്തരം എഴുതുന്നതിന് പകരം ചോദ്യം മനസിലാക്കി പുസ്തകത്തിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കാനുളള വിദ്യാർത്ഥികളുടെ ബുദ്ധിശക്തി അളക്കുന്നതാവും ഇനിയുളള പരീക്ഷകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook