മുംബൈ: ഷിയാ മുസ്ലിംങ്ങള്‍ നടത്തുന്ന മുഹറം ചടങ്ങുകളുടെ ഭാഗമായി കുട്ടികള്‍ പരുക്കേല്‍ക്കുന്നത് തടയാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ഷിയാ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ദക്ഷിണമേഖലാ പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി അവരെ സ്വയം മുറിവേല്‍പിക്കുന്ന നടപടിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കോടതി ഉത്തരവ് നല്‍കി. സാമൂഹ്യപ്രവര്‍ത്തകനായ ഫൈസല്‍ ബനറസ്വാല എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ആര്‍എം സാവന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ചടങ്ങില്‍ നിന്നും പൂര്‍ണമായും കുട്ടികളെ വിലക്കണമെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

കത്തിയും ബ്ലേഡും വാളുകളും ഉപയോഗിച്ച് ശരീരത്ത് സ്വയം കുത്തി പരുക്കേല്‍പ്പിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കര്‍ബല യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായാണ് മുഹറം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരമകനായ ഇമാം ഹുസൈനും കുടുംബവും അതിദാരുണമായി കൊലചെയ്യപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായാണ് ഷിയാക്കള്‍ സ്വയം പരുക്കേല്‍പ്പിച്ച് ചടങ്ങ് നടത്താറുളളത്. കര്‍ബല യുദ്ധം മുതലിങ്ങോട്ട് ശിയാക്കള്‍ പ്രവാചക കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് സ്വന്തമായ വിശ്വാസങ്ങളും ആചാരങ്ങളും നീതിനിര്‍വ്വഹണ വ്യവസ്ഥയും ഭരണക്രമവുമുള്ള ഒരു കക്ഷിയായി മാറുകയായിരുന്നു.

എന്നാല്‍ 1300 വര്‍ഷത്തോളമായി നടത്തുന്ന ചടങ്ങില്‍ ഇത് വരെയും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ഷിയാ നേതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഷിയാ നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ