മുംബൈ: ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് എന്ന പുസ്തകം കൈവശം വച്ചെന്ന ചോദ്യത്തില്‍ വിശദീകരണവുമായി ബോംബെ ഹൈക്കോടതി ജഡ്ജി സാരംഗ് കോട്വാള്‍. ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസിനെക്കുറിച്ച് തനിക്കറിയാമെന്നും ടോള്‍സ്റ്റോയിയുടേത് ക്ലാസിക് ആണെന്ന കാര്യം അറിയാം. അതിനെക്കുറിച്ചല്ല താന്‍ കഴിഞ്ഞ ദിവസം ചോദിച്ചതെന്നും ജസ്റ്റിസ് കോട്വാള്‍ പറഞ്ഞു.
പൊലീസ് നിരോധിച്ചിട്ടുള്ള ഒരു പുസ്തകം പോലും ഗൊണ്‍സാല്‍വസിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജി വീണ്ടും വാര്‍ ആന്റ് പീസിനെ പരാമര്‍ശിച്ചത്.
”പുസ്തകങ്ങളൊന്നും നിരോധിച്ചതല്ലെന്ന വാദമാണ് താങ്കള്‍ മുന്നോട്ടുവച്ചത്. ഇന്നലെ പൊലീസ് നല്‍കിയ പട്ടികയില്‍നിന്നുള്ള പേരുകളെല്ലാം ഞാന്‍ വായിക്കുകയായിരുന്നു. വാര്‍ ആന്റ് പീസിനെക്കുറിച്ച് എനിക്കറിയാം. അതു സാഹിത്യ ക്ലാസിക് ആണ്. പൊലീസ് തെളിവായി ഹാജരാക്കിയ മുഴുവന്‍ പട്ടികയെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്” ജസ്റ്റിസ് കോട്വാള്‍ പറഞ്ഞു.
Read More: ‘വാര്‍ ആന്റ് പീസ്’ വായിക്കുന്ന മോദി; ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് സോഷ്യല്‍ മീഡിയയുടെ മറുപടി
അതേസമയം, ടോള്‍സ്റ്റോയിയുടെ നോവലല്ല പിടിച്ചെടുത്തതെന്നും ബിശ്വജിത് റോയ് എഡിറ്റ് ചെയ്ത ഉപന്യാസ സമാഹാരണെന്നും ഗൊണ്‍സാല്‍വസിനൊപ്പം അറസ്റ്റിലായ സുധ ഭരദ്വാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാര്‍ ആന്റ് പീസ് ഇന്‍ ജംഗല്‍ മഹല്‍-പീപ്പിള്‍, സ്റ്റേറ്റ് ആന്‍ഡ് മാവോയിസ്റ്റ് എന്നാണ് പുസ്തകത്തിന്റെ പേരെന്നും അഭിഭാഷകന്‍ അറിയിച്ചു.
വാര്‍ ആന്റ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്, പിന്നെ അതെങ്ങനെ നിങ്ങളുടെ വീട്ടില്‍ എത്തിയെന്നായിരുന്നു ഇന്നലെ കോടതി ചോദിച്ചത്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഗോണ്‍സാല്‍വസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സാരംഗ് കോട്വാള്‍ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും സിഡികളുടെയും പേരുകള്‍ പുനെ പൊലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.