മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസിലെ കുറ്റാരോപിതനും ഡല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബുവിന്റെ ആരോഗ്യം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്. മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിനാണു നിര്‍ദേശം നല്‍കിയത്.
ഹാനി ബാബുവിന്റെ കണ്ണിനു ബാധിച്ച അസുഖം വലിയ തോതില്‍ ഭേദമായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാനി ബാബുവിനെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജെന്നി റോവെന്ന സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണു ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ, ജസ്റ്റിസ് എന്‍ ജെ ജമദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആശുപത്രിയുടെ റിപ്പോര്‍ട്ട് തേടിയത്.
മലയാളിയായ ഹാനി ബാബുവിനെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. അന്‍പത്തി അഞ്ചുകാരനായ ബാബുവിനെ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ജിടി ആശുപത്രിയിലേക്കു മാറ്റി. ഹൈക്കോടതി മേയ് 19നു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണു ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുള്ള തുക വഹിക്കാമെന്നു ബാബുവിന്റെ കുടുംബം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഒപ്റ്റിക് നാഡിയില്‍ വീക്കമുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചതിനെത്തുടര്‍ന്ന് എംആര്‍ഐ സ്‌കാനും മറ്റ് പരിശോധനകളും ആവശ്യമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ആശുപത്രി വാസം തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ ഹൈക്കോടതി കഴിഞ്ഞ മാസം നീട്ടിയിരുന്നു.
ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ രണ്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം ഹാനി ബാബുവിന്റെ നേത്രരോഗം ഏറെക്കുറെ ഭേദമായതായും കണ്ണിന്റെ മൂലയില്‍ ചെറിയ വീക്കമുണ്ടെന്നും അഭിഭാഷകനായ പയോഷി റോയ് കോടതിയെ അറിയിച്ചു. ഈ വീക്കം ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് സുഖപ്പെടുത്താമെന്നും കോടതിയെ അറിയിച്ചു. കൂടുതല്‍ ഇളവിനായി സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കോടതിക്ക് ആവശ്യപ്പെടാമെന്നും റോയ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നാണ് കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്. ഹര്‍ജി ഓഗസ്റ്റ് ആറിനു വീണ്ടും പരിഗണിക്കും.
Also Read: ഞാന്‍ മിക്കവാറും മരിക്കും
എല്‍ഗാര്‍ പരിഷത്ത് കേസിലെ മറ്റൊരു കുറ്റാരോപിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി ജൂലൈ അഞ്ചിനു മരിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഹോളി ഫാമിലി ആശുപത്രിയിലേക്കു മേയ് 28നു മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.