മുംബൈ: ഗ്ലാക്സോ സ്മിത് ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റുകളുടെ വില്‍പന തുടരാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. മഹാരാഷ്ട്ര ഭക്ഷ്യ വകുപ്പ് അധികാരികള്‍ കഴിഞ്ഞ വര്‍ഷം ടൂത്ത് പേസ്റ്റിന്റെ വില്‍പ്പന തടഞ്ഞ് ഉത്തരവ് ഇറക്കിയിരുന്നു. ‘സൗന്ദര്യവര്‍ദ്ധക ഉത്പന്നം’ എന്ന പേരിലാണ് പേസ്റ്റ് വില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
2016 ഒക്ടോബര്‍ 6നാണ് ഇത് സംബന്ധിച്ച് കമ്പനിക്ക് താനെ ഭക്ഷ്യ അഡ്മിനിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ നോട്ടീസ് അയച്ചത്. സൗന്ദര്യവര്‍ദ്ധക വസ്തുവെന്ന് ഉപയോഗിക്കാനാവില്ലെന്നും ഇത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ട് 1940ന്റെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
തുടര്‍ന്നാണ് ടൂത്ത് പേസ്റ്റിന്റെ വില്‍പന നിര്‍ത്തിച്ചത്. ഇതിനെതിരെ കമ്പനി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതിയായ പരിശോധനകള്‍ നടത്താതെയാണ് നടപടിയെന്ന് കമ്പനി കോടതിയില്‍ വാദിച്ചു. മതിയായ ഗുണനിലവാരമുണ്ടെന്ന് തെളിയിച്ച പേസ്റ്റ് ഹാനികരമാണെന്ന് ഭക്ഷ്യ വകുപ്പും പറഞ്ഞിട്ടില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ വിശകലന റിപ്പോര്‍ട്ടില്‍ ഉത്പന്നത്തിന് ഗുണനിലവാരം ഉണ്ടെന്ന് പറയുമ്പോള്‍ തങ്ങള്‍ക്കെതിരെ എടുത്ത നടപടി അനാവശ്യമാണെന്നും കോടതിയില്‍ വാദമുണ്ടായി. എന്നാല്‍ ടൂത്ത് പേസ്റ്റില്‍ 5 ശതമാനം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തു ഇതില്‍ അടങ്ങിയിട്ടുളളപ്പോള്‍ ഉത്പന്നം മരുന്നിന്റെ ഇനത്തിലാണ് വരികയെന്നും സൗന്ദര്യ വര്‍ദ്ധക വസ്തുവിന്റെ വിഭാഗത്തില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അത്കൊണ്ട് തന്നെ മരുന്ന് വിതരണം ചെയ്യാനുളള ലൈസന്‍സാണ് കമ്പനി കരസ്ഥമാക്കേണ്ടതെന്നും വാദിച്ചു. എന്നാല്‍ ഇപ്പോള്‍ സ്റ്റോക്കുളള ബാക്കി ടൂത്ത് പേസ്റ്റുകള്‍ വില്‍പന നടത്താന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ എന്തകൊണ്ട് ഉത്പന്നം മരുന്നിന്റെ വിഭാഗത്തില്‍ വരുന്നില്ല എന്ന് രണ്ടാഴ്ച്ചക്കകം കമ്പനി കോടതിയെ അറിയിക്കണം. തുടര്‍ന്നാകും ബാക്കി നടപടികള്‍ സ്വീകരിക്കുക.