/indian-express-malayalam/media/media_files/uploads/2021/05/Stan-Swamy.jpg)
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ ബന്ധമാരോപിച്ച് ജയിലിലടച്ച സാമൂഹ്യപ്രവർത്തകൻ ഫാ. സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്. തലോജ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നു തന്നെ മാറ്റാനാണ് അധികൃതര്‍ക്കു കോടതി നല്‍കിയ നിര്‍ദേശം.
ആരോഗ്യസ്ഥിതിയും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി പ്രത്യേക എന്‍ഐഎ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് ഹര്‍ജിയില്‍ അടിയന്തര വാദം കേട്ടത്.
സ്വാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കാനും 21 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി 19 ന് ജെ ജെ ഹോസ്പിറ്റല്‍ ഡീനിനോട് നിര്‍ദേശിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമി പാർക്കിൻസൺസ് രോഗബാധിതനാണ്. അദ്ദേഹത്തെ 21 ന് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്കു മുമ്പാകെ ഹാജരാക്കിയിരുന്നു. ജയിലില്‍ കിടക്കാനാരംഭിച്ചതു മുതല്‍ തന്റെ ആരോഗ്യം മോശമായി വരികയാണെന്ന അന്ന് അദ്ദേഹം കോടതി മുന്‍പാകെ ബോധിപ്പിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥയിലേക്കുള്ള ജെജെ ഹോസ്പിറ്റലിലേക്കു മാറ്റാമെന്ന കോടതി നിര്‍ദേശം നേരത്തെ സ്റ്റാന്‍ സ്വാമി നിരസിച്ചിരുന്നു. ആപത്രിയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും 'ഏറെ കഷ്ടപ്പെടേണ്ടിവരും' എന്നും 'താമസിയാതെ മരിച്ചേക്കാം' എന്നും പറഞ്ഞാണ് അദ്ദേഹം ഈ നിലപാടെടുത്തിരുന്നത്. സ്വാമിയെ സംസാരിച്ച് ബോധ്യപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയില്‍നിന്ന് സമയം തേടിയിരുന്നു. തുടര്‍ന്ന് ദേശായി, സ്വാമിയുമായി സംസാരിക്കുകയും ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ചികിത്സ തേടാനും അതിനുള്ള ചെലവ് വഹിക്കാനും അദ്ദേഹം സന്നദ്ധനാണെന്നു ഇന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു.
''ഹര്‍ജിക്കാരന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിനു ശരിയായ ചികിത്സ ലഭിക്കുന്നതിന് അഡ്മിറ്റ് ചെയ്യേണ്ടതുണ്ട്,'' ദേശായി പറഞ്ഞു. സ്വാമിക്ക് എപ്പോഴും ഒരു പരിചാരകന്റെ ആവശ്യമാണ്. സുഹൃത്തായ മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രേസര്‍ മസ്‌കെരെന്‍ഹാസിനെ സ്വാമിക്കൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും ദേശായി ആവശ്യപ്പെട്ടു.
Also Read: കഴിഞ്ഞ സാമ്പത്തിക വർഷവും 2000 രൂപയുടെ പുതിയ നോട്ട് വിതരണം ചെയ്യാതെ റിസർവ് ബാങ്ക്
എന്നാല്‍, ചികിത്സയ്ക്കു ജെ ജെ ഹോസ്പിറ്റലില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വാദിച്ചു. സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിക്കൊണ്ടുള്ള ബെഞ്ചിന്റെ ഉത്തരവ് സര്‍ക്കാര്‍ ആശുപത്രിയുടെ കഴിവുകളെ ദുര്‍ബലപ്പെടുത്തുമെന്നും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ സ്വകാര്യ വ്യക്തിയുടെ സാന്നിധ്യത്തെ എതിര്‍ത്ത സിങ് കോടതി അനുവദിക്കുകയാണെങ്കില്‍ സ്വാമിയെ പരിചരിക്കാന്‍ ഉദ്യോഗസ്ഥര്‍ മതിയെന്നും അറിയിച്ചു. ദേശായിയുടെ വാദങ്ങളെ സംസ്ഥാന ജയില്‍ അതോറിറ്റിക്കു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ പി യാഗ്‌നിക്കും എതിര്‍ത്തു. ജെ ജെ ഹോസ്പിറ്റല്‍ സമിതി ശിപാര്‍ശ ചെയ്തതുപോലെ സ്വാമിക്കു ശരിയായ പരിചരണവും മരുന്നുകളും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാദങ്ങളെല്ലൊം മറികടന്നുകൊണ്ടാണ് 15 ദിവസത്തെ ചികിത്സയ്ക്കു സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ജിക്കാരന്റെ പ്രായം 84 ആണെന്നത് തര്‍ക്കമല്ലെന്നും ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം രേഖപ്പെടുത്തിയ കണ്ടെത്തലുകള്‍ പ്രകാരം അദ്ദേഹത്തിന് ചികിത്സ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
കോവിഡ് മഹമാരിയും രോഗികളുടെ പ്രവാഹവും കാരണം ജെജെ ആശുപത്രിക്ക് ഹര്‍ജിക്കാരനു വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്നു കോടതി നിരീക്ഷിച്ചു. സ്റ്റാന്‍ സ്വാമിയെ കൃത്യമായ ഇടവേളകളില്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഫാ. ഫ്രേസര്‍ മസ്‌കെരെന്‍ഹാസിനു കോടതി അനുമതി നല്‍കി. സ്വാമിയുടെ സംരക്ഷണത്തിന് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ സാന്നിധ്യം അനുവദിക്കാന്‍ കോടതി ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.