റിയൊ ഡി ജെനീറൊ: ബ്രസീലില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ഡെയര്‍ ബോള്‍സോനാരോയുടെ അനുകൂലികള്‍. പാര്‍ലമന്റും സുപ്രീം കോടതിയും പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ കൊട്ടാരവും ആക്രമിച്ചു. ലൂയിസ് അധികാരത്തിലെത്തിയതിന് ഒരു ആഴ്ചയ്ക്ക് ശേഷമാണ് സംഭവം. ബോള്‍സോനാരോയുടെ തോല്‍വി അംഗീകരിക്കാനാവാത്ത അനുകൂലികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിന് അക്രമികളാണ് ഒന്നിച്ചെത്തിയത്. സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കീഴടക്കുകയും ജനാലകള്‍ തകര്‍ക്കുകയും ചെയ്തു. തീവ്ര വലതുപക്ഷക്കാരായ ആക്രമികളിലെ ചിലര്‍ ബോള്‍സോനാരോയെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്നും ലൂയിസിനെ പുറത്താക്കാന്‍ സൈനിക ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു.
ബ്രസീലിന്റെ ദേശിയ പതാകയിലെ നിറങ്ങളായ മഞ്ഞയും പച്ചയുമുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ആക്രമികള്‍ എത്തിയത്. ആക്രമണങ്ങള്‍ നടത്തിയവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് ലൂയിസ് വ്യക്തമാക്കി.
മുന്‍ പ്രസിഡന്റും സുപ്രീം കോടതി ജഡ്ജിമാരും നിരന്തരം ഏറ്റുമുട്ടിയിരുന്നു. ജഡ്ജിമാര്‍ ഒത്തുകൂടുന്ന മുറി ആക്രമികള്‍ തകര്‍ത്തു. പാര്‍ലമെന്റിനുള്ളിലും സമാന രീതിയിലായിരുന്നു ആക്രമണം. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു.
ലൂയിസ് അധികാരത്തിലേറുന്നതിന് മുന്‍പ് ഫ്ലോറിഡയിലേക്ക് കടന്ന ബോള്സോനാരൊ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അക്രമികളെ നിയന്ത്രിക്കുന്നതിനായി പൊലീസിന് കണ്ണീര് വാതകം ഉപയോഗിക്കേണ്ടി വന്നു. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. ഏകദേശം 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് കൂടുതല്‍ കണ്ണീര് വാതകം ഉപയോഗിച്ചതായും നിയമ മന്ത്രി ഫ്ലാവിയൊ ദിനൊ പറഞ്ഞു.
എന്നാല്‍ പൊലീസിനെതിരെയും രാജ്യത്തന്റെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. മുന്നറിയിപ്പുകള്‍ എങ്ങനെ അവഗണിച്ചെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
2021 ജനുവരി ആറിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ ആക്രമിച്ചതിന് സമാനമായിരുന്നു ബ്രസീലിലെ സംഭവങ്ങള്‍.