ന്യൂഡൽഹി: ചലച്ചിത്ര മേഖലയ്ക്കെതിരെ “നിരുത്തരവാദപരവും അവഹേളനപരവും അപകീർത്തികരവുമായ പരാമർശങ്ങൾ” നടത്തുകയോ ചലച്ചിത്ര രംഗത്തുള്ളവർക്കെതിരേ മാധ്യമ വിചാരണ നടത്തുകയോ ചെയ്യുന്നതിൽ നിന്ന് റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നീ ചാനലുകളെ വിലക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് നിർമ്മാതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

നാല് ബോളിവുഡ് അസോസിയേഷനുകളും 34 പ്രമുഖ നിർമ്മാതാക്കളുമാണ് കോടതിയെ സമീപിച്ചത്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിച്ചുകൊണ്ട് ഇടപെടുന്നതിൽ നിന്ന് വാർത്താ ചാനലുകളെയും ചാനലുകളുമായി ബന്ധപ്പെട്ടവരെയും തടയണമെന്നും ഹർജിയിൽ പറയുന്നു.

റിപ്പബ്ലിക് ടിവി, ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, റിപ്പോർട്ടർ പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, ചാനൽ ചീഫ് എഡിറ്റർ രാഹുൽ ശിവശങ്കർ ഗ്രൂപ്പ് എഡിറ്റർ നവിക കുമാർ എന്നിവരും അടക്കമുള്ളവർക്ക് ബോളിവുഡിനെതിരായ നിരുത്തരവാദപരവും അവഹേളനപരവും അപകീർത്തികരവുമായ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുന്നു.

Read More: വ്യാജ ടിആർപി റേറ്റിങ്; രണ്ട് ചാനൽ മേധാവികൾ പിടിയിൽ, റിപ്പബ്ലിക് ടിവിക്ക് നോട്ടീസ്

പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, ദി സിനി & ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ എന്നീ സംഘടനകളും ആമിർ ഖാൻ പ്രൊഡക്ഷൻസ്, അജയ് ദേവ്ഗൺ ഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക്, അർബാസ് ഖാൻ പ്രൊഡക്ഷൻസ്, അശുതോഷ് ഗവാരിക്കർ പ്രൊഡക്ഷൻസ്, ധർമ്മ പ്രൊഡക്ഷൻസ് എന്നീ നിർമാണ കമ്പനികളും കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു.

ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റർ നവിക കുമാറും  ചീഫ് എഡിറ്റർ രാഹുൽ  ശിവശങ്കറും ബോളിവുഡ് നിർമാതാക്കളുടെ നടപടിയിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്. “നീതിക്കുവേണ്ടിയുള്ള പോരാട്ടം കാരണം കോടതി കേസുകൾ വരികയാണെങിൽ അതിനെ സ്വീകരിക്കും” എന്ന് നവിക  കുമാർ ട്വീറ്റ് ചെയ്തു. “ടൈംസ് നൗ എന്നതിലെ നിർഭയരുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താൻ തങ്ങൾക്ക് കഴിയുമെന്ന് ശക്തർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്,” എന്ന് രാഹുൽ  ശിവശങ്കർ പറഞ്ഞു.

Read More: ഐപിഎൽ വാതുവയ്‌പ്: 20 പേർ അറസ്റ്റിൽ, 18 മൊബൈലുകള്‍ പിടിച്ചെടുത്തു

ബോളിവുഡിനെക്കുറിച്ച് മാധ്യമങ്ങൾ “അഴുക്ക്”, “മാലിന്യം”, “കുംഭകോണം”, “മയക്കുമരുന്ന്” തുടങ്ങിയ വാക്കുകളുപയോഗിക്കുന്നതും “കൊക്കെയ്ൻ എൽ‌എസ്‌ഡി എന്നിവയാൽ നിറഞ്ഞ ബോളിവുഡ്”, “അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ബോളിവുഡിന്റെ അടിവയറ്റിലെ ഈ മലിനതയും ദുർഗന്ധവും നീക്കംചെയ്യാൻ കഴിയില്ല” , “ബോളിവുഡിലാണ് എല്ലാ അഴുക്കും വൃത്തിയാക്കപ്പെടുന്നത്,” തുടങ്ങിയവ അടക്കമുള്ള പരാമർശങ്ങളും അവഹേളനപരവും നിരുത്തരവാദ പരവുമാണെന്ന് നിർമാതാക്കൾ പറയുന്നു.

“കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങൾ, 1994 പ്രകാരമുള്ള പ്രോഗ്രാം കോഡിലെ വ്യവസ്ഥകൾ പ്രതികൾ പാലിക്കണം” എന്നും “ബോളിവുഡിനെതിരെ പ്രസിദ്ധീകരിച്ച അപകീർത്തികരമായ ഉള്ളടക്കങ്ങളെല്ലാം പിൻവലിക്കുകയും വേണം,” എന്നും കേസിലെ വാദികളായ നിർമാതാക്കളും സിനിമാ സംഘടനകളും ആവശ്യപ്പെടുന്നു.

Read More:  ദൈവത്തെപ്പോലെ ആരാധിച്ച ട്രംപിന് കോവിഡ് ബാധിച്ചത് വിഷാദത്തിലെത്തിച്ചു; ബുസ കൃഷ്ണ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടോ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടോ ഉള്ള എല്ലാ വാർത്തകളെയും ബാധിക്കുന്ന ഒരു ഉത്തരവല്ല തങ്ങൾ തേടുന്നതെന്നും നിലവിലെ നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾക്കെിരായ തരത്തിൽ കാലാകാലം നിലനിൽക്കേണ്ടതും നിർബന്ധിതമായി പാലിക്കേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച ഉത്തരവാണ് തേടുന്നതെന്നും വാദികൾ വ്യക്തമാക്കി.

Read More: Bollywood producers move court, name two news channels making ‘irresponsible, defamatory remarks’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook