മുംബൈ: മുംബൈ ക്രൂയിസ് കപ്പല്‍ മയക്കു മരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ അടക്കം എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൂയിസ് കപ്പലില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിൽ ആര്യന്‍ ഖാൻ അടക്കം എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ചയാണ് എന്‍സിബി മുംബൈ കടല്‍ തീരത്തുണ്ടായിരുന്ന കപ്പലില്‍ പരിശോധന നടത്തിയതും എട്ട് പേരെ പിടികൂടിയതും. നിലവില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇത്തരത്തില്‍ ഒരു പാര്‍ട്ടി നടക്കുന്നതായും കപ്പല്‍ ശനിയാഴ്ച ഗോവയിലേക്ക് തിരിക്കുമെന്നും വിവരം ലഭിച്ചിരുന്നതായി എന്‍സിബി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൻസിബി ഉദ്യോഗസ്ഥർ അതനുസരിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും യാത്രക്കാരുടെ വേഷത്തിൽ ക്രൂയിസ് കപ്പലിൽ കയറുകയും ചെയ്തായിരുന്നു റെയ്ഡ് നടത്തിയത്.
മുംബൈ തീരം വിട്ടതോടെ ചില യാത്രക്കാര്‍ മയക്കു മരുന്ന് ഉപയോഗിക്കാന്‍ ആരംഭിക്കുകയും തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിക്കുകയുമായിരുന്നു. കൊക്കൈന്‍ അടക്കുമുള്ള മയക്കു മരുന്നുകളാണ് റെയ്ഡില്‍ പിടികൂടിയത്.
പിന്നാലെ സൗത്ത് മുംബൈയിലെ ബല്ലാർഡ് പിയറിലെ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലേക്ക് കപ്പല്‍ തിരിച്ചെത്തിക്കുകയായിരുന്നു. തുടര്‍ന്ന് എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സംഘവും അറസ്റ്റിലായ എല്ലാവരെയും ലഗേജ് അടക്കം സൗത്ത് മുംബൈയിലെ എൻസിബി ഓഫീസിലേക്ക് കൊണ്ടുപോയി.
പിടിയിലായവര്‍ മയക്കു മരുന്ന് ഉപയോഗിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനായി സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തും. ഈ റിപ്പോര്‍ട്ട് കേസില്‍ സുപ്രധാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കപ്പലില്‍ യാത്ര ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പലരും മുംബൈയില്‍ എത്തിയെങ്കിലും സര്‍വറിലെ സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് പ്രവേശം നിഷേധിച്ചു. കൂടുതല്‍ ബുക്കിങ്ങ് ഉണ്ടായതിനാലാണ് എല്ലാവരേയും പ്രവേശിപ്പിക്കാന്‍ സംഘാടകര്‍ക്ക് കഴിയാതെ പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.