ന്യൂഡൽഹി: ബോയ്‌സ് ലോക്കർ റൂം എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് നേരമ്പോക്കിനു തുടങ്ങിയതാണെന്ന് പൊലീസ് പിടിയിലായ പ്രതി. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ബോയ്‌സ് ലോക്കർ റൂം ഗ്രൂപ്പ് അഡ്‌മിനാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ദക്ഷിണ ഡൽഹിയിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഗ്രൂപ്പ് അഡ്‌മിൻ. വിദ്യാർഥിക്ക് 17 വയസ് പൂർത്തിയായിട്ടേയുള്ളൂ. അറസ്റ്റിലായ മറ്റൊരു വിദ്യാർഥി പത്താം ക്ലാസിലാണ് പഠിക്കുന്നത്.

ലോക്ക്‌ഡൗണ്‍ ആയപ്പോൾ നേരമ്പോക്കിനു വേണ്ടി തുടങ്ങിയതാണ് ‘ബോയ്‌സ് ലോക്കർ റൂം’ ഗ്രൂപ്പ് എന്ന് അറസ്റ്റിലായ അഡ്‌മിൻ പൊലീസിനോട് പറഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവരുടെ ഫോണുകളും ലാപ്ടോപ്പുകളും അടക്കം ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കാനാണു തീരുമാനം.

Read Also: ക്യാപ്‌റ്റനാകേണ്ടിയിരുന്നത് യുവരാജ്, വിധി ധോണിക്കൊപ്പം നിന്നു; ഗാംഗുലിയെ ആരും കുറ്റംപറയാത്തതിനു കാരണമുണ്ട്: യോഗ്‌രാജ് സിങ്

ഗ്രൂപ്പ് അഡ്‌മിൻ പറഞ്ഞ കാര്യങ്ങൾ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: “ലോക്ക്‌ഡൗണ്‍ ആയപ്പോൾ നേരമ്പോക്കിനു വേണ്ടിയാണ് ഒരു ഗ്രൂപ്പ് ആരംഭിച്ചത്. ലോക്ക്‌ഡൗണിൽ എങ്ങനെ സമയം ചെലവഴിക്കുന്നു, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ചെല്ലാമാണ് ആദ്യം ഗ്രൂപ്പിൽ ചർച്ച നടന്നത്. അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ഗ്രൂപ്പിന്റെ സ്വഭാവം മാറി. ഗ്രൂപ്പിലെ ഒരു അംഗം ഒരു പെൺകുട്ടിയുടെ ഫൊട്ടോ പോസ്റ്റ് ചെയ്തു. പിന്നീട് ലൈംഗികമായ സംസാരങ്ങൾ ഗ്രൂപ്പിൽ നടന്നു. പിന്നീടങ്ങോട്ട് നിരവധി പെൺകുട്ടികളുടെ ഫൊട്ടോ ഗ്രൂപ്പിൽ വന്നു. മോർഫ് ചെയ്‌ത ചിത്രങ്ങളും അതിൽ ഉണ്ടായിരുന്നു,”

“ഗ്രൂപ്പിൽ 26 അംഗങ്ങൾ ഉണ്ട്. പക്ഷേ, ആ ഗ്രൂപ്പിലെ ഒൻപത് പേരാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതും കമന്റുകൾ ഇട്ടിരുന്നതും. ദക്ഷിണ ഡൽഹിയിലെ സ്‌കൂളിലെ വിദ്യാർഥികളാണ് ഇവർ. ലോക്ക്‌ഡൗണ്‍ ആയതിനാൽ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. വിദ്യാർഥികളെ ചോദ്യം ചെയ്ത ശേഷം മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു. നഗരം വിട്ടു എങ്ങോട്ടും പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.”

എന്താണ് ബോയ്‌സ് ലോക്കൽ റൂം?

ദക്ഷിണ ഡൽഹിയിലെ വിദ്യാർഥികൾ ചേർന്നുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിന്റെ പേരാണ് ബോയ്‌സ് ലോക്കർ റൂം. സഹപാഠികളായ പെൺകുട്ടികളെ എങ്ങനെ പീഡിപ്പിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത്. സ്‌കൂളിലെ പെൺകുട്ടികളുടെ അശ്ലീല ചിത്രമടക്കം ഗ്രൂപ്പുകളിൽ പങ്കുവച്ചിട്ടുണ്ട്. സ്‌കൂളിലെ ഒരു വിദ്യാർഥിനി തന്നെയാണ് ഗ്രൂപ്പിലെ കാര്യങ്ങൾ പുറത്തറിയിക്കുന്നത്. ഗ്രൂപ്പിൽ നടക്കുന്ന അശ്ലീല സംഭാഷണങ്ങൾ അടക്കം ആ വിദ്യാർഥിനി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ ഗ്രൂപ്പ് വിവാദത്തിലായി.

Read Also: മദ്യം വീട്ടിലെത്തിക്കാൻ സൊമാറ്റോ; അപേക്ഷ നൽകി

പ്രായപൂർത്തിയാകാത്ത കുട്ടികൾ

സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അടക്കം ദുരുപയോഗിക്കുന്നതും അവരെ എങ്ങനെ ലൈംഗികമായി പീഡിപ്പിക്കണമെന്ന് ചർച്ച ചെയ്യുന്നതും പതിനാലും പതിനഞ്ചും പ്രായമുള്ള ആൺകുട്ടികളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാലാണ് പൊലീസ് പ്രതികളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടാത്തത്.

പൊലീസ് പറയുന്നത്

ദക്ഷിണ ഡൽഹിയിലെ ഒരു സ്‌കൂളിലെ വിദ്യാർഥികളാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. മാർച്ച് മാസത്തിലെ അവസാന ആഴ്‌ചയിലാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പിന്നീട് ഗ്രൂപ്പിൽ സുഹൃത്തുക്കളെ ചേർക്കാൻ തുടങ്ങി. കോളേജിൽ പഠിക്കുന്ന വിദ്യാർഥികളും ഗ്രൂപ്പിൽ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗിക്കാൻ ആരംഭിച്ചു. പെൺകുട്ടികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ മോർഫ് ചെയ്യാനും ആരംഭിച്ചു. ലൈംഗിക അതിക്രമങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ചർച്ച നടന്നിട്ടുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി. മറ്റൊരു ഗ്രൂപ്പ് കൂടി ഇവർ ആരംഭിച്ചു. സ്വന്തം സ്‌കൂളിലെ വിദ്യാർഥിനികളെ കൂട്ടബലാത്സംഗം നടത്താം എന്ന തരത്തിൽ പോലും ആ ഗ്രൂപ്പിൽ ചർച്ച നടന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook