സിംഗപ്പൂരില്‍ നോക്കോ ഉച്ചകോടിക്ക് എത്തിയ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ വാഹനത്തിന് ചുറ്റും സുരക്ഷാ വലയം തീര്‍ത്ത സുരക്ഷാ സംഘം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കിമ്മിന്റെ വാഹനത്തെ ചുറ്റി ഓടുന്ന ബോഡിഗാര്‍ഡുകള്‍ ആരാണെന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ പാര്‍ട്ടി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയില്‍ അംഗമായിരുന്ന മിടുക്കരായ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ശാരീരികക്ഷമതയും വൈദഗ്ദ്യവും ഏറെയുളളവരാണ് ഇവര്‍ കൂടാതെ ആയോധനകലയിലും ഇവര്‍ ഉസ്താദുമാരാണ്. കൂടാതെ ഇവരുടെ സൗന്ദര്യവും ഉയരവും കണക്കാക്കിയാണ് തിരഞ്ഞെടുത്തതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കിം ജോങ് ഉന്നിന്റെ അത്രയോ അതിന് മുകളിലോ ഉയരം ഉളളവരെ മാത്രമാണ് ബോര്‍ഡിഗാര്‍ഡുകളായി തിരഞ്ഞെടുക്കുന്നത്.

കൂടാതെ ഷൂട്ടിംഗിലും ഇവര്‍ കഴിവ് തെളിയിച്ചവരാണ്. കിം ജോങ് ഉന്നിന് അടുത്ത് ലോഡ് ചെയ്ത തോക്കുകളുമായി നില്‍ക്കാന്‍ ഇവര്‍ക്ക് മാത്രമാണ് അനുവാദമുളളത്. ഏപ്രിലില്‍ നടന്ന ഉത്തരകൊറിയ- ദക്ഷിണകൊറിയ ഉച്ചകോടിയിലും ഈ സംഘം നിറഞ്ഞുനിന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ