ന്യൂയോർക്ക്: അമേരിക്കയിലെ നോട്രെഡെയിം സർവകലാശാലയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം സെന്റ് മേരീസ് തടാകത്തിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ ആൻ റോസ് ജെറി (21)യുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശിയാണ് ആൻ റോസ്.
ബാഹ്യ പരിശോധനയിൽ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് സെന്റ് ജോസഫ് കൗണ്ടി കൊറോണർ മൈക്ക് മക്ഗാൻ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടു 8.45 ഓടെയാണ് ആൻ റോസിനെ ക്യാംപസിൽനിന്നു കാണാതായത്. തുടർന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം കിട്ടിയതോടെ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആൻ റോസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും.
Explained: ആരാണ് വ്യോമിത്ര? ഐഎസ്ആർഒയുടെ ഹ്യൂമനോയ്ഡിനെക്കുറിച്ച് അറിയാം
“ആൻ റോസിന്റെ നിര്യാണത്തിൽ ഞങ്ങൾ വളരെയധികം ദുഃഃഖിതരാണ്,” നോട്രെഡെയിം സർവകലാശാലയുടെ പ്രസിഡന്റ് റവ. ജോൺ ഐ.ജെൻകിൻസ് പറഞ്ഞു. “ഞങ്ങൾ അവളെയും അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും പ്രാർഥനയിൽ ഉൾപ്പെടുത്തും.”
സീനിയർ വിദ്യാർഥിയായിരുന്ന ആൻ റോസ് ക്യാംപസിൽ തന്നെയാണ് താമസിച്ചിരുന്നത്. നാഷനല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയാണു ആന്‍ റോസ് പഠനം നടത്തിയിരുന്നത്. ഈ വർഷം ബിരുദം പൂർത്തിയാക്കി ഡെന്റൽ സ്കൂളിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സേവനമനുഷ്ഠിക്കാനായിരുന്നു ആൻ റോസിന്റെ പദ്ധതി.
എറണാകുളം സ്വദേശികളായ ആൻ റോസിന്റെ കുടുംബം നിലവിൽ കാലിഫോർണിയയിലെ ഓഷ്യൻസൈഡിലാണ് താമസിക്കുന്നത്. മിനസോട്ടയിലെ ബ്ലെയ്നിലാണ് പെൺകുട്ടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.