മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാനഗറില്‍ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം ഞായറാഴ്ച കണ്ടത്തി. തട്ടിക്കൊണ്ടുപോയ കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയാണ് കൊലപ്പെടുത്തിയത്. മുസ്‌ലിം പളളിയുടെ മുകളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് അടക്കമുളളവര്‍ നമസ്കാരത്തിനായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നത്. അന്ന് തന്നെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഞായറാഴ്ചയാണ് മുഖത്തും ശരീരത്തിലും പരുക്കേറ്റ രീതിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ പ്രാദേശിക കൗണ്‍സിലര്‍ അടക്കമുളള തന്റെ അയല്‍ക്കാര്‍ക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

മുറാദാനഗറില്‍ സ്വകാര്യ സ്കൂള്‍ നടത്തുകയാണ് കുട്ടിയുടെ പിതാവ്. ‘എന്റെ മകളും ഇളയ മകനും ജ്യൂസ് വാങ്ങാനായാണ് ശനിയാഴ്ച ചന്തയിലേക്ക് പോയത്. മകന്‍ തിരിച്ചു വന്നെങ്കിലും മകള്‍ എത്തിയില്ല. സിസിടിവി ദൃശ്യങ്ങളില്‍ മകള്‍ നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. പക്ഷെ അതിന് ശേഷം മകളെ കണ്ടിട്ടില്ല. പളളിയില്‍ അടക്കം ഞങ്ങള്‍ എല്ലായിടത്തും തിരഞ്ഞിരുന്നു,’ കുട്ടിയുടെ പിതാവ് പറഞ്ഞു.

വൈകുന്നേരം പളളിയില്‍ നമസ്കാരത്തിന് എത്തിയവരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പളളിക്ക് മുകളില്‍ കുരങ്ങന്മാര്‍ ഒച്ചയിടുന്നത് കേട്ട് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം അയല്‍ക്കാര്‍ക്ക് തങ്ങളോട് കാലങ്ങളായി ശത്രുതയുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. 2102ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ മത്സരിച്ചതാണ് ശത്രുതയ്ക്ക് കാരണമെന്നും ഇവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ പരാജയപ്പെട്ടതിന് പിന്നാലെ കൗണ്‍സിലറും സംഘവും ആക്രമിച്ചിരുന്നു. ഇത് പൊലീസില്‍ പരാതിപ്പെട്ടതോടെ ശത്രുത വര്‍ധിച്ചു. തന്റെ മകളുടെ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ