കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയിൽ കാണാതായ മന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് പൂട്ടുകൾകൊണ്ടു ബന്ധിച്ച പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങിയ ചഞ്ചൽ ലാഹരിയാണ് നദിയില്‍ മുങ്ങിയത്. ഹൂഡിനിയുടെ മാജിക്കിനെ അനുകരിച്ചായിരുന്നു പ്രകടനം.
കൈയ്യും കാലും മുറുകെ കെട്ടിയിരുന്ന മാന്ത്രികന് പിന്നെ ജീവനോടെ പുറത്തെത്തിയില്ല. ഞായറാഴ്ച മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം ലഭിച്ചത്. മില്ലേനിയം പാർക്കിൽ നൂറുകണക്കിനു കാണികൾ നോക്കിനിൽക്കേ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചഞ്ചലിന്റെ ഹൂഡിനി എസ്കേപ്പിനു തുടക്കമായത്. ഹൗറ പാലത്തിന് താഴെ നിർത്തിയ ബോട്ടിൽനിന്നാണു ചഞ്ചൽ ചാടിയത്.
പൂട്ടുകളെല്ലാം തകർത്ത് മാന്ത്രികൻ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ജനം ഏറെനേരം കാത്തിരുന്നു. സമയം വൈകിയതോടെ പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറി. തുടർന്നു കാണികൾതന്നെയാണു പൊലീസിനെ അറിയിച്ചത്. മാജിക് അവതരിപ്പിക്കുന്നതിനു പൊലീസിന്റെയും തുറമുഖ വകുപ്പിന്റെയും അനുമതി തേടിയിരുന്നു.
21 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് താന്‍ ഇതേ മാന്ത്രിക പ്രകടനം വിജയകരമായി ചെയ്തതായി അദ്ദേഹം ജനങ്ങളോട് പറഞ്ഞിരുന്നു. അന്ന് വെറും 29 സെക്കൻഡുകള്‍ക്കുളളിലാണ് താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ന് എനിക്ക് ഈ പെട്ടി തുറക്കാനായാല്‍ അത് മാജിക്ക് ആയിരിക്കും, ഇല്ലെങ്കില്‍ ട്രാജിക്ക് ആയിരിക്കും’ എന്ന് അദ്ദേഹം കാണികളോട് പറഞ്ഞിരുന്നു.
2013ല്‍ ഇതേ നദിയില്‍ വച്ച് മറ്റൊരു മാജിക് വിദ്യ നടത്തിയിരുന്നു. അന്ന് അടച്ച കൂട്ടിന്റെ മറ്റൊരു വാതിലിലൂടെ പുറത്ത് കടന്ന ഇദ്ദേഹത്തെ കാണികള്‍ കൈകാര്യം ചെയ്തിരുന്നു. പിന്നീട് വെളളത്തിന് മുകളിലൂടെ നടക്കുമെന്ന് പറഞ്ഞെങ്കിലും അതും പാളിപ്പോയിരുന്നു.