ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ 5 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അവദേശ് സഖ്യ (27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു വർഷത്തോളം കുട്ടിയുടെ കുടുംബത്തോടൊപ്പം സാക്യ താമസിച്ചിരുന്നു. അടുത്തിടെയാണ് മറ്റൊരു വീട്ടീലേക്ക് താമസം മാറ്റിയത്. താമസം മാറിയതിനുശേഷവും കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തുമായിരുന്നു. കുട്ടിയെ കാണുന്നത് മാതാപിതാക്കൾ അനുവദിക്കാതിരുന്നതിലെ വൈരാഗ്യം മൂലമാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 7 മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ തിരയുന്നതിനായി മാതാപിതാക്കൾക്കൊപ്പം സാക്യയും പോയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും ഒപ്പം പോയിരുന്നു. ഇന്നു രാവിലെ സാക്യയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസാണ് സ്യൂട്ട്കെയ്സിൽ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെക്കുറിച്ച് അയൽക്കാർ ചോദിച്ചപ്പോൾ എലികൾ ചത്തതിന്റെ ദുർഗന്ധമാണെന്നാണ് സക്യ പറഞ്ഞത്. അതേസമയം, കുട്ടിയെ സാക്യ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സിവിൽ സർവീസസ് പരിക്ഷയ്ക്കുവേണ്ടി പരിശീലിച്ചു വരികയായിരുന്നു സാക്യ. തന്നോട് കുട്ടി വളരെ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ മാതാപിതാക്കൾ കുട്ടിയെ കാണാൻ തന്നെ അനുവദിച്ചിരുന്നില്ലെന്നും സാക്യ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ