ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായി മരണപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം മെഡിക്കല്‍ എക്സാമിനര്‍ വിട്ടു കൊടുത്തു. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ മലയാളി ദമ്പതികളായ വെസ്ലി മാത്യൂസിന്റേയും സിനി മാത്യൂസിന്റെയും വീട്ടില്‍ നിന്ന് കാണാതാവുന്നത്. പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്ലിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ വടക്കന്‍ ഡാലസിലെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. എറണാംകുളം സ്വദേശിയായ വെസ് ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ ടെക്‌സസ് പോലീസ് അറസ്റ്റുചെയ്തിരുന്നു.

പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിന് ശിക്ഷയായി കുഞ്ഞിന് പുലര്‍ച്ചെ മൂന്നുമണിക്ക വീടിനു പുറത്തുനിര്‍ത്തിയെന്നും പതിനഞ്ചു മിനിറ്റിനുശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിനോട് പറഞ്ഞത്.

എന്നാല്‍ ബലം പ്രയോഗിച്ച് പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്നുകരുതി മൃതദേഹം കലുങ്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി മാത്യൂസ് പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പോലീസിന് നല്‍കിയ മൊഴി ഇയാള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

കൊലപാതകമാണെന്ന് പോലീസ് നേരത്തേതന്നെ ഏതാണ്ട് ഉറപ്പിച്ചിരുന്നു. വീട്ടില്‍ കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും പരിക്കേറ്റിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെസ്‌ലി മാത്യൂസിന്റെ കാറിനകത്തുനിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിളും പോലീസിന് തെളിവുകള്‍ നല്‍കി. ഇവരുടെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും ക്യാമറയും പിടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ