ഇസ്‌ലാമാബാദ്: പര്‍വ്വതാരോഹണം നടത്തുന്നതിനിടെ കാണാതായ രണ്ട് സഞ്ചാരികളുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാനിലെ പർവ്വതനിരകളില്‍ നിന്നും കണ്ടെത്തി. ബ്രിട്ടീഷുകാരനായ ടോം ബല്ലാര്‍ഡ്, ഇറ്റലിക്കാരനായ ഡാനിയേല്‍ നര്‍ദി എന്നിവരുടെ മൃതദേഹമാണ് രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ടെത്തുന്നത്. ലോകത്തിലെ കൊടുമുടികളിൽ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്തുളള കൊടുമുടിയായ നംഗ പര്‍ബാദ് കീഴടക്കാന്‍ എത്തിയതായിരുന്നു ഇരുവരും. സമുദ്രനിരപ്പില്‍ നിന്നും 26,660 അടി ഉയരത്തിലുളള കെടുമുടിയിലെ ഇന്ന് വരെ ആരും കടന്ന് പോവാത്ത പാതയിലൂടെയാണ് ഇരുവരും കയറാന്‍ ശ്രമിച്ചത്.

രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയതായി പാക്കിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ വ്യക്തമാക്കി. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് വളരെ ഖേദപൂർവ്വം അറിയിക്കുന്നതായി സ്റ്റിഫാനോ പോന്റെകോര്‍വോ പറഞ്ഞു. 5900 അടി ഉയരത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സ്പീനിഷ് സംഘം അടക്കമുളളവര്‍ ദിവസങ്ങളായി ഇരുവർക്കുമായി തിരച്ചില്‍ നടത്തുകയായിരുന്നു.

പാക് പർവ്വതാരോഹകനായ റഹ്മതുളള ബൈഗിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നിരുന്നത്. റഹ്മതുളള രണ്ട് പേരുടേയും കൂടെ നേരത്തേ കൊടുമുടി കയറാനെത്തി പിന്നീട് പിന്തിരിഞ്ഞിരുന്നു. ആകാശമാര്‍ഗം നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം കനത്തതാണ് തിരച്ചില്‍ വൈകിപ്പിച്ചത്. പാക്കിസ്ഥാന്‍ വ്യോമമാര്‍ഗത്തിന് നിയന്ത്രണം വച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook