ന്യൂഡല്‍ഹി: ഊട്ടി കുനൂരിനു സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അഞ്ച് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരുള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ജനറല്‍ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിങ് ലിദ്ദർ എന്നിവരുടെ മൃതശരീരങ്ങള്‍ മാത്രമാണ് ആദ്യ ദിനം തിരിച്ചറിയാന്‍ സാധിച്ചത്.
ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലുള്ള സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തിയിരുന്നു.
ജൂനിയർ വാറന്റ് ഓഫീസർ തൃശൂർ സ്വദേശി അറയ്ക്കൽ പ്രദീപ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, ജെഡബ്ല്യുഒ റാണാ പ്രതാപ് ദാസ്, ലാൻസ് നായിക് ബി സായ് തേജ, ലാൻസ് നായിക് വിവേക് കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ ജന്മനാട്ടിലേക്ക് അയക്കും.
ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11നു കോയമ്പത്തൂർ സുലൂർ വ്യോമതാവളത്തിലെത്തിച്ച പ്രദീപിന്റെ മൃതദേഹം തുടർന്ന് റോഡ് മാർഗം വിലാപയാത്രയായി തൃശൂരിലേക്കു കൊണ്ടുവന്നു. വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം. പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു.
വിങ് കമാൻഡർ ചൗഹാന്റെ ഭൗതികശരീരം രാവിലെ ജന്മനാടായ ആഗ്രയിലെത്തിച്ചു. ജൂനിയർ വാറന്റ് ഓഫീസർ ദാസിന്റെ മൃതശരീരം ഉച്ചയോടെ ഒഡീഷയിലെ ഭുവനേശ്വറിലെത്തിക്കും. അവിടെ നിന്ന് അംഗുൽ ജില്ലയിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും.
ലാൻസ് നായിക് ബി സായ് തേജയുടെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച ശേഷം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ലാൻസ് നായിക് കുമാറിന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ ഗഗ്ഗൽ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന്, കാൻഗ്ര ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
Also Read: ഹെലികോപ്റ്റര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം വൈകീട്ട്