കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് ഗർഭസ്ഥ ശിശുക്കളുടെ മൃതശരീരമല്ല. ഇവ വെറും മെഡിക്കൽ മാലിന്യമാണെന്ന് പൊലീസ് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായി. ദക്ഷിണ കൊല്‍ക്കത്തയില്‍ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബാഗുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഇവ ഗർഭസ്ഥ ശിശുക്കളുടെ മൃതദേഹമാണെന്നായിരുന്നു ആദ്യത്തെ സംശയം. ഹരിദേബ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള രാജാറാം മോഹന്‍ റോയ് സാരാനി പ്രദേശത്ത് തൊഴിലാളികളാണ് ജോലിക്കിടെ ഇത് കണ്ടെത്തിയത്. ഇവ ഗർഭസ്ഥ ശിശുക്കളാണെന്ന് കരുതി ഉടന്‍ തന്നെ തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിച്ചു. ബാഗിനകത്തുണ്ടായിരുന്ന സാധനങ്ങൾ ചിലത് പാതി അഴുകിയ നിലയിലും മറ്റ് ചിലത് പൂർണ്ണമായി അഴുകിയ നിലയിലുമായിരുന്നു.

ആരാണ് ഇത് കുഴിച്ചിട്ടതെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്തെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തി ഭ്രൂണങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതാവാം എന്നായിരുന്നു പ്രാഥിക നിഗമനം. എന്നാൽ ഇത് ഭ്രൂണമല്ലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം മറ്റൊരു ദിശയിലായി.

പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം മേയര്‍ സോവന്‍ ചാറ്റര്‍ജി പ്രദേശം സന്ദര്‍ശിച്ചു. ‘ഭ്രൂണങ്ങൾ കെമിക്കല്‍ ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. അഴുകിയാലും മണം പുറത്ത് വരാതിരിക്കാനാണ് ഇത് ചെയ്തിട്ടുളളത്. സ്ഥലത്ത് മറ്റ് ഭ്രൂണങ്ങള്‍ ഇല്ലെന്ന് ഉറപ്പിക്കാനായി കൂടുതല്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്. നിയമവിരുദ്ധ ഗര്‍ഭച്ഛിദ്ര റാക്കറ്റിന്റെ ഇടപെടല്‍ പൊലീസ് സംശയിക്കുന്നുണ്ട്. അടുത്തുളള എല്ലാ നഴ്സിംഗ് ഹോമുകളും സ്വകാര്യ ആശുപത്രികളും നിരീക്ഷണത്തിലാണ്’, എന്നാണ് ബാഗ് കണ്ടെത്തിയ ഉടൻ മേയർ പറഞ്ഞത്. ഭ്രൂണമാണെന്ന ധാരണയിൽ ഇവ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചപ്പോഴാണ് ഇവ മെഡിക്കൽ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook