തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു വർഷമായി കേരളാ പൊലീസിന്റെ പേടിസ്വപ്നം കൊലപാതകികളോ, ഭീകരവാദികളോ ഒന്നുമല്ല. ഒരു സംഗീതകാരനാണ്. ജീവിതത്തോട് പോരടിച്ച് ലോകത്തെ ഇളക്കി മറിച്ചു കൊണ്ട് ലോകത്തെ വിമോചനത്തിന്റെ, അവകാശങ്ങളുടെ സ്വരാഗമായി മാറിയ ഒരു മനുഷ്യനാണ്. ഗായകൻ, ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നിങ്ങനെ ബഹുസ്വര പ്രതിഭയായ നെസ്റ്റ റോബർട്ട് ബോബ് മാർലി എന്ന ജമൈക്കൻ സംഗീതഞ്ജനാണ് ഈ പേടിസ്വപ്നം. മുപ്പത്തിയാറാം വയസ്സിൽ ലോകസംഗീതത്തിന്റെ നെറുകയിൽ നിന്നും ഓർമ്മകളുടെ സിംഫണിയായി മാറിയ ബോബ് മാർലി ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് 73 വയസ്സ് തികയുമായിരുന്നു.
Read More: സംഗീതത്തിന്റെ കലാപവും സൗന്ദര്യവും: തീര്‍ച്ചയായും കേട്ടിരിക്കേണ്ട ബോബ് മാര്‍ലിയുടെ അഞ്ച് ഗാനങ്ങള്‍
” ഗെറ്റ് അപ്, സ്റ്റാൻഡ് അപ്; സ്റ്റാൻഡ് അപ് ഫോർ യുവർ റൈറ്റ്സ്,
ഗെറ്റ് അപ്, സ്റ്റാൻഡ് അപ്: ഡോൺഡ് ഗിവ് അപ് ദ് ഫൈറ്റ്”
എന്നു പാടി വംശീയതയെും വിവേചനത്തെയും എതിർത്ത് ഉയർന്ന സംഗീത തിരമാലയാണ് മാർലി സൃഷ്ടിച്ചത്. ആ തിരമാലയിൽ കടപുഴകയിത് വിശ്വാസങ്ങളുടെയും വിവേചനങ്ങളുടെയും ധാരകളായിരുന്നു. ലോകമെങ്ങും മാർലിയുടെ വരി മൂളാത്ത ഇടമില്ലാതെയാകാൻ കാലമേറെ വേണ്ടി വന്നില്ല. വിമോചന രാഷ്ട്രീയത്തിന്റെ തന്ത്രികളാണ് മാർലി മീട്ടിയതും. സദസ്സുകൾക്കു മുന്നിൽ ആടിയുലഞ്ഞ ആ കറുത്ത ശരീരം പാടി ഉണർത്തിയത്, അസമത്വങ്ങളിലും അടിമത്വത്തിലും വംശീയ വിവേചനത്തിലും ഉറക്കംപൂണ്ട ലോകത്തെയായിരുന്നു. ഈ വരികളുടെ ചൂടിൽ ഉണർന്ന ലോകത്തിന് മാർലി മുത്തായി മാറി. റസ്തഫാരിയൻ വിശ്വാസവും റഗേയുടെ മിടിപ്പുകളും കൊണ്ട് ഉളളിലാവാഹിച്ച മാർലി മനുഷ്യസ്നേഹത്തിന്റെ ഗീതകമാണ്.
ലോകത്തിന്റെ ഈ ഉണർത്തുപാട്ടുകാരൻ പക്ഷേ കേരളാ പൊലീസിന് മാഫിയയുടെ അടയാളമാണ്. 2011-12 ഓടെയാണ് കേരളത്തിലെ ഒരു വിഭാഗം പൊലീസുകാർക്ക് ഈ ഉൾവിളിയുണ്ടാകുന്നത്. പൊലീസിന് ബോബ് മാർലി കഞ്ചാവ് മാഫിയാ തലവനായി. ബോബ് മാർലിയെ അന്വേഷിച്ച് പോകാൻ തുനിഞ്ഞില്ല എന്നതൊഴിച്ചാൽ ബാക്കി പഴിയെല്ലാം മാർലിയുടെ തലയിലാക്കി കേരളാ പൊലീസ്. ബോബ് മാർലിയുടെ പടമുള്ള ടീ ഷർട്ടിടുന്നത്, മുടി നീട്ടി വളർത്തുന്നത് എല്ലാം പൊലീസിന്റെ കണ്ണിൽ കഞ്ചാവ് കച്ചവടക്കാരോ വലിക്കാരോ ആ മാഫിയയുടെ ഏതോ കണ്ണികളോ ആയി. ബോബ് മാർലി ടീഷർട്ടുകൾ പിടിച്ചെടുക്കുക, മുടി നീട്ടി വളർത്തുന്നവരെ പിടിച്ച് മുടിവെട്ടിക്കുക തുടങ്ങിയ പരിപാടികളുമായി പൊലീസ് മുന്നോട്ട് പോയി. എറണാകുളത്തും തൃശൂരുമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ വളരെയേറെ സദാചാര നിഷ്ഠയോടെ പൊലീസിങ് നടത്തിയത്. പലരും കേസുകളിൽ കുടുങ്ങി. ഊരാളി എന്ന പ്രശസ്തമായ കേരളത്തിലെ ബാൻഡിലെ മാർട്ടിന് പോലും മുടി നീട്ടി വളർത്തിയതിന്റെ പേരിൽ പൊലീസിന്റെ പീഡനം നേരിടേണ്ടി വന്നു. ബോബ് മാർലിയുടെ ടീ ഷർട്ട് അതിന്റെ ഭംഗി കൊണ്ട് മാത്രം ഇട്ടവർ പോലും പൊലീസിന്റെ നോട്ടപുള്ളികളായി മാറിയതും കേരളത്തിലായിരുന്നു.
Read More: സമരം, സംഗീതം: ഗെറ്റ് അപ് സ്റ്റാന്റ് അപ്, ഫോര്‍ യുവര്‍ റൈറ്റ്സ്!
കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും വിമതരാഷ്ട്രീയത്തിന്റെ താളമാണ് ബോബ് മാർലി സംഗീതം കേൾക്കപ്പെട്ടതും വായിക്കപ്പെട്ടതും. അതിന്റെ രാഷ്ട്രീയ തരംഗങ്ങളെ കഞ്ചാവ് എന്നതിലേയ്ക്കു മാത്രം ചുരുക്കിയെഴുതുകയാണ് കേരള പൊലീസ് ചെയ്തത്.
ഫോർട്ട് കൊച്ചിയിൽ പാട്ടും പോരാട്ടവും എന്ന പേരിൽ എല്ലാവർഷവും നടക്കുന്ന ബോംബ് മാർലി അനുസ്മരണത്തെപോലും ഭയക്കുന്നത് അതുകൊണ്ടാണ്. അതിൽ പങ്കെടുക്കാനെത്തുന്ന പ്രശസ്തരായവരാണ്. പാട്ടുകാർ മാത്രല്ല, എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം വിവിധ ദേശങ്ങളിൽ നിന്നായി ആ പരിപാടിക്ക് എത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ മുതൽ അതിന് മേലും പൊലീസ് സംശയത്തിന്റെ നിഴൽ വീഴ്ത്തി.