മുംബൈ: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്.
അറബിക്കടലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ നിർമ്മിക്കാനൊരുങ്ങുന്ന സ്ഥലം സന്ദർശിക്കാൻ പോകും വഴിയാണ് അപകടം സംഭവിച്ചത്. ഇന്നാണ് പ്രതിമയുടെ പണികൾ ആരംഭിക്കാനിരുന്നത്.
വൈകിട്ട് നാല് മണിയോടെയാണ് അപകടം. ഇന്ത്യൻ കോസ്റ്റ് ഗാർഡും, മറൈൻ പോലീസും നടത്തിയ രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് എല്ലാവരെയും സുരക്ഷിതരാക്കാൻ സാധിച്ചത്.