വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചതായി സംശയം. കൃഷ്ണ നദിയിലെ പവിത്ര സംഗമം തീരത്താണ് അപകടം ഉണ്ടായത്. 38 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇതുവരെയും 11 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ആന്ധ്ര ഡിജിപി സാംഭ ശിവ വ്യക്തമാക്കി.

12 പേരെ സമീപത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു കരയ്ക്കെത്തിച്ചു. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജില്ലാ കളക്ടര്‍ ബി ലക്ഷ്മികാന്തവും സ്ഥലത്തെത്തിയിട്ടുണ്ട്.

കൃഷ്ണ- ഗോദാവരി നദികള്‍ സംഗമിക്കുന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഭവാനി ദ്വീപില്‍ നിന്നും പവിത്ര സംഗമ സ്ഥലത്തേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. ദൈന്യംദിന ചടങ്ങായ പവിത്ര ഹരാതി ദര്‍ശിക്കാനായി പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്.

ബോട്ടില്‍ താങ്ങാവുന്നതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രകാശം ജില്ലയില്‍ നിന്നുളളവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ഒരു സ്വകാര്യ ഏജന്‍സിയുടെ ഉടമസ്ഥതയിലുളളതാണ് അപകടത്തില്‍ പെട്ട ബോട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ