ബെർലിൻ: ആഗോള കാർ നിർമ്മാണ രംഗത്തെ മുൻനിര കമ്പനിയായ ബിഎംഡബ്ല്യു പത്ത് ലക്ഷം കാറുകൾ മടക്കിവിളിക്കും. എക്സ്ഹോസ്റ്റ് സിസ്റ്റത്തിൽ തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. അത്യപൂർവ്വമായ സാഹചര്യത്തിൽ എക്സ്ഹോസ്റ്റ് സിസ്റ്റം തീപിടിക്കാൻ കാരണമാകുന്നുണ്ടെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്.
കാറുകൾ പുറന്തളളുന്ന വാതകം തണുപ്പിക്കുന്ന കൂളിങ് സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഉപകരണമാണ് പ്രശ്നക്കാരൻ. ഡീസൽ കാറുകളിൽ, എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ കൂളർ ഉപയോഗിച്ചത് മൂലം വാതകം തണുപ്പിക്കുന്ന ഗ്ലൈകോൾ കൂളിങ് ഫ്ലൂയിഡ് ചോർന്ന് പോകുന്നതായി കണ്ടെത്തി.
ബിഎംഡബ്ല്യു, കമ്പനി അവരുടെ വാഹന ഡീലർമാരോട് ഉപഭോക്താക്കളുമായി ഇക്കാര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വാഹനം പരിശോധിച്ച് തകരാർ ഉണ്ടെങ്കിൽ അത് സ്വന്തം ചിലവിൽ തന്നെ കമ്പനി പരിഹരിക്കും.
ഓഗസ്റ്റ് മാസത്തിൽ യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമായി 4.80 ലക്ഷം കാറുകളാണ് കമ്പനി തിരികെ വിളിച്ചത്. അതും ഇതേ പ്രശ്നത്തിലായിരുന്നു. ദക്ഷിണ കൊറിയയിൽ മുപ്പതോളം കാറുകൾ ഈ പ്രശ്നം മൂലം അഗ്നിക്കിരയായതിൽ കമ്പനി ക്ഷമാപണം നടത്തിയിരുന്നു.
പുതുതായി പത്ത് ലക്ഷം കാറുകൾ കൂടി തിരികെ വിളിച്ചതോടെ, ഈ പ്രശ്നത്തെ തുടർന്ന് തിരികെ വിളിച്ച കാറുകളുടെ എണ്ണം 16 ലക്ഷമായി. കമ്പനിയുടെ ഓഹരി വിലയിലും ഈ പ്രശ്നം മൂലം ഇടിവുണ്ടായിട്ടുണ്ട്.